Connect with us

Kerala

ബാബരി കേസ്: പ്രതികളെ വെറുതെ വിട്ട നടപടി ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ മുറിവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. 1949 ഡിസംബര്‍ 22 ന് രാത്രി തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നുവെന്ന് കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബര്‍ ഒമ്പതിന്റെ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.

മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി രഥയാത്ര നടത്തിയവര്‍, അതിനു നേതൃത്വം നല്‍കിയവരും സഹായികളും, കര്‍സേവക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ഥവും നല്‍കിയ സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ നിയമലംഘനത്തിന്റെ ഉത്തരവാദികള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.

ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്‍പ്പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്തം സംഘ്പരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമാവുകയും ഒത്താശ ചെയ്തുകൊടുക്കുകയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാകില്ല.
പൂട്ടിക്കിടന്ന ബാബരി മസ്ജിദ് സംഘ്പരിവാറിനായി തുറന്നു കൊടുത്തതും ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തതും കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസാണ്. മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ നിശ്ശബ്ദത പാലിച്ചതും കോണ്‍ഗ്രസ് തന്നെ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നു എന്നതാണ്. ഉന്നതമായ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശിക ആധിപത്യത്തെ രാജ്യത്തു നിന്ന് തുരത്തിയത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബാബരി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല, ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സി ബി ഐയും കേന്ദ്ര സര്‍ക്കാറും ഒഴിഞ്ഞുമാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയെ യു പി പോലീസ് കൈയേറ്റം ചെയ്ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി
യു പിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഹത്രാസിലേക്കു പോയ രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാനുള്ള എല്ലാ ജനാധിപത്യ അവകാശവും ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ടെന്നും അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Latest