National
ഹത്രാസിലേക്കുള്ള വഴിമധ്യേ രാഹുലിനെയും പ്രിയങ്കയെയും പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി | യു പിയിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പോയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സപ്രസ് വേയില്‍ വച്ചായിരുന്ന അറസ്റ്റ്.
വാഹനത്തില്‍ നിന്നിറങ്ങി നടന്നുപോകുമ്പോള്‍ പോലീസ് തടഞ്ഞത് വകവെക്കാതെ മുന്നോട്ടു പോയ ഇരു നേതാക്കള്‍ക്കുമെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. രാഹുലിനെ പോലീസ് നിലത്തേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തതായും വിവരമുണ്ട്. മേഖലയില്‍ നിരോധനാജ്ഞയായതിനാലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം.
അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌ക്കരിച്ചത് രാജ്യത്താകെ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംഭവം. മുന്നോട്ടു പോകാന്‍ പോലീസ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് രാഹുലും പ്രിയങ്കയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഹത്രാസിന് 142 കിലോമീറ്റര്‍ ഇപ്പുറത്ത് വച്ച് വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് ഇരു നേതാക്കളും പ്രവര്‍ത്തകരും കാല്‍നടയായി യാത്ര തുടര്‍ന്നത്. യമുന എക്‌സ്പ്രസ് വേയില്‍ വച്ച് കോണ്‍ഗ്രസ് സംഘവും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എനിക്ക് ഹത്രാസിലേക്കു പോയേ പറ്റൂവെന്നും എന്തടിസ്ഥാനത്തില്‍, ഏതു വകുപ്പു പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും രാഹുല്‍ പോലീസിനോട് ചോദിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നതിനെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 ാം വകുപ്പ് ഉപയോഗിച്ചെന്നായിരുന്നു പോലീസിന്റെ മറുപടി.
“പോലീസ് എന്നെ താഴെ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. ആര്‍ എസ് എസുമായും ബി ജെ പിയുമായും ബന്ധപ്പെട്ടവര്‍ക്കു മാത്രമേ ഈ രാജ്യത്ത് സഞ്ചരിക്കാന്‍ പാടുള്ളൂ എന്നുണ്ടോ. മോദിക്ക് മാത്രമാണോ, സാധാരണ വ്യക്തിക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലേ. വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് ഞങ്ങള്‍ കാല്‍നടയായി യാത്രയാരംഭിച്ചത്.”- മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
നേരത്തെ, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹത്രാസില്‍ പ്രതിഷേധിച്ച സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
സെപ്തംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് ബലാത്സംഗത്തിനിരയായ യുവതി മരിച്ചത്. അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ നില വഷളായതിനെ തുടര്‍ന്ന് 28നാണ് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. മരിച്ച ദിവസം രാത്രി തന്നെ യുവതിയുടെ മൃതദേഹം അധികൃതര്‍ ഇടപെട്ട് സംസ്‌ക്കരിക്കുകയായിരുന്നു. സംസ്‌ക്കാരത്തിന് മുമ്പ് മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
സവര്‍ണ ജാതിക്കാരാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും മാരകമായി മുറിവേല്‍പ്പിക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്തത്. കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.