Connect with us

National

ഹത്രാസ് ബലാത്സംഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; പെണ്‍കുട്ടിയുടെ കുടുംബത്തിന് വീടും ബന്ധുവിന് ജോലിയും നല്‍കും

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിഐജി ചന്ദ്രപ്രകാശ്, പിഎസി സേനാ നായക്, ശ്രീമതി പൂനം എന്നിവര്‍ അംഗങ്ങളാണ്. സമിതി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച വൈകീട്ട് മരിച്ച പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ചു. പ്രതിക്കെതിരെ കടുത്ത ശിക്ഷ നല്‍ കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും യോഗി അദ്ദേഹത്തിന് ഉറപ്പുനല്‍കി.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും ഹത്രാസ് നഗരത്തില്‍ വീടും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായമായി 25 ലക്ഷം രൂപയും നല്‍കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി സംസാരിച്ച് ഈ കേസിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മരണപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് നടത്തിയതെന്ന ആരോപണം യുപി പൊലീസ് നിഷേധിച്ചു.

സെപ്തംബര്‍ 14നാണ് ഹത്രാസ് ജില്ലയിലെ ചന്ദ്പ പൊലീസ് സ്റ്റേഷനു കീഴിലുള്ള ഗ്രാമത്തില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം അലിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയിലേക്ക് മാറ്റി. 15 ദിവസം ജീവന് വേണ്ടി പൊരുതിയെങ്കിലും ഒടുവില് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest