Connect with us

Editorial

യു പി പോലീസ് വഴിയേ കേരള പോലീസും?

Published

|

Last Updated

ഏറ്റുമുട്ടല്‍ കൊലകളില്‍ കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വഴിക്കോ? ഉത്തരേന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിശിഷ്യാ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തര്‍പ്രദേശില്‍ സമീപകാലത്തുണ്ടായ പല “ഏറ്റുമുട്ടല്‍” കൊലകളും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. കശ്മീര്‍ താഴ് വരയില്‍ സുരക്ഷാ സേനയുടെ തോക്കിനിരയാകുന്നവരിലേറെയും പേരെ ഏറ്റുമുട്ടല്‍ പട്ടികയിലാണ് പെടുത്തുന്നത്. മാവോ വാദികള്‍ വധിക്കപ്പെടുന്ന സംഭവങ്ങളില്‍ കേരളത്തിലും ഏറെക്കുറെ ഇത് തന്നെയാണ് അവസ്ഥ. വയനാട് വൈത്തിരിയില്‍ മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ജലീല്‍ പോലീസിനു നേരേ വെടിയുതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഫോറന്‍സിക് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
ജലീലിന്റേതെന്നു പറഞ്ഞ് പോലീസ് ഹാജരാക്കിയ കൈത്തോക്കില്‍ വെടിയുതിര്‍ത്ത യാതൊരു ലക്ഷണവുമില്ലെന്നും ജലീലിന്റെ വലത് കൈയില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധിച്ചതില്‍ വെടിമരുന്നിന്റെ അംശം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പോലീസുകാരുടെ തോക്കിലേതാണ്. ജലീലിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ട കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തോക്കുകളില്‍ നിന്നുള്ളതല്ലെന്നും ഫോറന്‍സിക് വിഭാഗം പറയുന്നു. 2019 മാര്‍ച്ച് ആറിന് വൈത്തിരിയിലെ ദേശീയ പാതക്ക് സമീപമുള്ള ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലീല്‍ തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ ആത്മരക്ഷാര്‍ഥം തിരിച്ചു വെടിവെച്ചപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം. മാവോ വാദികള്‍ റിസോര്‍ട്ടിലെത്തി സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടെന്നും ഇത് തര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പോലീസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തി അവരെ നേരിടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ജലീലിന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാടിനെ സാധൂകരിക്കുകയാണ് ശാസ്ത്രീയ പരിശോധനാ ഫലം.

ഈ സംഭവത്തില്‍ തുടക്കം മുതല്‍ പോലീസിന്റെ നീക്കം സംശയാസ്പദമായിരുന്നു. റിസോര്‍ട്ടില്‍ ഏറ്റുമുട്ടല്‍ നടന്നതായി പോലീസ് പറയുമ്പോള്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് റിസോര്‍ട്ട് ഉടമ വ്യക്തമാക്കിയിരുന്നു. ജലീല്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്ക് യഥാസമയം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുകയും ചെയ്തു പോലീസ്. ഒടുവില്‍ റിപ്പോര്‍ട്ട് എത്രയും വേഗം ഹാജരാക്കണമെന്ന കോടതിയുടെ ശാസനയെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് അത് സമര്‍പ്പിച്ചത്. അതിനിടെ ഫോറന്‍സിക് പരിശോധനക്ക് പോലീസ് ഹാജരാക്കിയ ആയുധങ്ങള്‍ തിരികെ ആവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കോടതിയില്‍ അപേക്ഷ നല്‍കി. അത് തിരികെ നല്‍കിയാല്‍ പോലീസ് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജലീലിന്റെ കുടുംബം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന് കോടതി തോക്കുകളും വെടിയുണ്ടകളും തിരികെ നല്‍കിയിരുന്നെങ്കില്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കില്ലായിരുന്നു.

2014 നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോ വാദികളായ തമിഴ്‌നാട് സ്വദേശി കുപ്പു ദേവരാജും കാവേരി എന്ന അജിതയും പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലും ദുരൂഹതകളുടെ പുകമറകള്‍ അവശേഷിക്കുകയാണ്. വനത്തിനുള്ളില്‍ 11 പേരടങ്ങുന്ന മാവോ വാദി സംഘം പോലീസിനു നേരേ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ചു വെടിവെച്ചതെന്നാണ് പോലീസ് പറയുന്നതെങ്കിലും സംസ്ഥാന ഭരണ കക്ഷിയായ സി പി ഐ പോലും ഇത് വിശ്വസിക്കുന്നില്ല. നിലമ്പൂര്‍ പോലീസ് നടപടിയെ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി മുഖപ്പത്രവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസിന് കീഴടങ്ങാന്‍ സന്നദ്ധരായിരുന്ന മാവോ വാദികളെ നിര്‍ദയം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് തദ്ദേശീയരായ ആദിവാസികള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്ന ഈങ്ങാന്‍ വനത്തില്‍ വെടിവെപ്പിന്റെ യാതൊരു ലക്ഷണവും ഇല്ലെന്ന് സംഭവ ശേഷം സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.

തങ്ങള്‍ക്ക് ശല്യമായി തോന്നുന്നവരെയും രാഷ്ട്രീയ യജമാനന്മാര്‍ക്ക് അലോസരമുണ്ടാക്കുന്നവരെയും വെടിവെച്ചു കൊന്ന ശേഷം നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും പോലീസും സുരക്ഷാ സേനയും സ്വീകരിക്കുന്ന അടവാണ് ഏറ്റുമുട്ടല്‍ കൊല. ഇത് ഫാസിസ്റ്റ് ശൈലിയാണ്. കോടതികളും അന്വേഷണ ഏജന്‍സികളും പലപ്പോഴും ഈ പോലീസ് ഭാഷ്യത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. നീതിപാലനം ഏറെക്കുറെ മെച്ചപ്പെട്ടതെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത് ഒട്ടും ഭൂഷണമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശൈലിയിലേക്ക് കേരള പോലീസ് നീങ്ങുന്നുവെങ്കില്‍ അതിനുടനെ കടിഞ്ഞാണിടണം. സി പി ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാറിന് ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വവുമുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം അന്വേഷണങ്ങള്‍ ക്രൈം ബ്രാഞ്ചിനെയോ മറ്റോ ഏല്‍പ്പിച്ച് പേരിന് ഒരന്വേഷണം നടത്തി പോലീസിനെ വെള്ളപൂശുകയാണ് പതിവ്. അതാത് സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണം നിഷ്പക്ഷമായിരിക്കില്ല സ്വാഭാവികമായും. 2014ല്‍, അന്നത്തെ ചീഫ് ജസ്റ്റിസ് എം ആര്‍ ലോധ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍, ഏറ്റുമുട്ടല്‍ കൊലകളിലെ അന്വേഷണം സ്വതന്ത്രമായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണമാണ് സി പി ജലീലിന്റെ മരണത്തില്‍ കൂടുതല്‍ കരണീയം.

Latest