Kerala
വഞ്ചിയൂര്‍ കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ചു; നാല്‍പതോളം അഭിഭാഷകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ച സംഭവത്തില്‍ നാല്‍പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസ് വിവരങ്ങള്‍ ചോദിച്ചതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് നിര്‍മ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ജാമ്യഹരജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ അഭിഭാഷകര്‍ ക്ലാര്‍ക്കിനെ സമീപിച്ചത്. താന്‍ തിരക്കിലാണെന്നും വിവരങ്ങള്‍ രജിസ്റ്ററില്‍ നിന്നും എടുക്കാനും ക്ലാര്‍ക്ക് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അഭിഭാഷകര്‍ കൂടുതല്‍ അഭിഭാഷകരേയും വിളിച്ചു വരുത്തി ക്ലാര്‍ക്കിനെ ആക്രമിക്കുകയായിരുന്നു.
ഇടതു കൈക്ക് പരിക്കേറ്റ ക്ലാര്‍ക്ക് തിരുവന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകര്‍ക്കെതിരെ കോടതി ജീവനക്കാര്‍ സിജെഎമ്മിന് പരാതി നല്‍കി. 24 മണിക്കൂറിനകം കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ സിജെഎം വഞ്ചിയൂര്‍ സിഐക്ക് നിര്‍ദ്ദേശം നല്‍കി. ബഞ്ച് ക്ലാര്‍ക്ക് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കി.
വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ആക്രമിച്ച കേസിലെ സാക്ഷിയായ നിര്‍മ്മലാനന്ദന്‍ കുറച്ചുദിവസം മുന്‍പാണ് കേസില്‍ കോടതിയില്‍ മൊഴി നല്‍കിയത്.