Connect with us

Editorial

സൈബറിടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം

Published

|

Last Updated

ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ യൂട്യൂബ് ചാനലില്‍ വീഡിയോ ചെയ്തതിന് വിജയ് പി നായരെ ഏതാനും സ്ത്രീകള്‍ കൈയേറ്റം ചെയ്ത സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അവകാശവാദത്തോടെ ലൈംഗികച്ചുവയുള്ളതും ആഭാസകരവുമായ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാറുണ്ട് വിജയ് പി നായര്‍. അതിനിടെ നാല് ദിവസം മുമ്പ് വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഒരു വനിതയെയും (ഇരുവരുടെയും പേരെടുത്തു പറയാതെ) മോശമായി ചിത്രീകരിക്കുന്ന ഒരു വീഡിയോ ഇയാള്‍ അപ്‌ലോഡ് ചെയ്തപ്പോഴാണ്, അധിക്ഷേപത്തിനു വിധേയയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ത്രീകള്‍ അയാളുടെ വീട്ടില്‍ കയറി കരിഓയില്‍ ഒഴിക്കുകയും പൊതിരെ തല്ലി മാപ്പ് പറയിപ്പിക്കുകയും ചെയ്തത്. ഇനി ഒരു സ്ത്രീക്കു നേരെയും ഇത്തരം അധിക്ഷേപങ്ങള്‍ ഉന്നയിക്കരുതെന്ന് താക്കീത് ചെയ്തു മടങ്ങിയ ഫെമിനിസ്റ്റ് സംഘം ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണ് പ്രസ്തുത വീഡിയോയിലെ പരാമര്‍ശങ്ങളെന്നും അതിനെതിരായ സ്വാഭാവിക പ്രതികരണം മാത്രമാണ് ഫെമിനിസ്റ്റുകള്‍ നടത്തിയതെന്നുമാണ് പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികളുടെ പക്ഷം. സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍ നിരന്തരം വാക്കുകളാലും നോട്ടങ്ങളാലും അക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പുകഞ്ഞു പൊട്ടലായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂവെന്ന് സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നു. നമ്മുടെ കുടുംബാംഗങ്ങളെ ആരെങ്കിലും അപമാനിച്ചാലുണ്ടാകുന്ന അതേ വേദനയോടെ വേണം യൂട്യൂബറുടെ ചെയ്തിയെ കാണാനെന്നാണ് മന്ത്രി ശൈലജയുടെ പ്രതികരണം. ഫെമിനിസ്റ്റുകളുടെ കൈയേറ്റത്തെ അപലപിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്. അതിനിടെ, യൂട്യൂബില്‍ വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തിക്കെതിരെ പോലീസ് എളുപ്പത്തില്‍ ജാമ്യം കിട്ടാവുന്ന ദുര്‍ബലമായ വകുപ്പും അയാളെ കൈയേറ്റം ചെയ്ത ഫെമിനിസ്റ്റുകള്‍ക്കെതിരെ ജാമ്യം കിട്ടാത്ത കടുത്ത വകുപ്പുകളുമാണ് ചുമത്തിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നിയമത്തിന്റെ ഈ ഇരട്ടത്താപ്പാണ് ജനം നിയമം കൈയിലെടുക്കാന്‍ ഇടയാക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. തന്നോട് പലരും പറഞ്ഞതെന്ന അവകാശവാദത്തോടെയാണ് ഇയാള്‍ പല സ്ത്രീകള്‍ക്കെതിരെയും അപവാദ പ്രചാരണം നടത്തുന്നത്. ഇത് ശരിയാണെങ്കില്‍ തന്നെയും, അത്തരം കാര്യങ്ങള്‍ പരസ്യമായി സമൂഹത്തിനു മുമ്പില്‍ തുറന്നു പറയുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ല. അതേസമയം, അപമാനിക്കപ്പെട്ടതിന്റെ പേരില്‍ സ്ത്രീകള്‍ നിയമം കൈയിലെടുക്കുന്നതും ഒരാളുടെ വീട്ടില്‍ അനുവാദമില്ലാതെ അതിക്രമിച്ചു കയറി മര്‍ദിക്കുന്നതും അംഗീകരിക്കപ്പെടാവതല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നേരിടാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. പോലീസില്‍ നിന്ന് നീതി കിട്ടാത്തതു കൊണ്ടാണ് യൂട്യൂബറെ കൈയേറ്റം ചെയ്തതെന്ന വാദവും നീതീകരിക്കാവതല്ല. പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പരാതിപ്പെടാന്‍ പോലീസില്‍ തന്നെ സംവിധാനങ്ങളുണ്ട്. പോരെങ്കില്‍ കോടതികളും. ഇരകള്‍ നിയമം സ്വയം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കെന്തു പ്രസക്തി?

സാമൂഹിക മാധ്യമങ്ങളുടെ വഴിവിട്ട പോക്കാണ് ഈ ദുഃഖകരമായ സംഭവത്തിന്റെ അടിസ്ഥാന കാരണം. ഈ മേഖലയുടെ ദുരുപയോഗം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ മസാലക്കഥകളുമായാണ് യൂട്യൂബില്‍ പലരും രംഗത്തു വരുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകളും ധാരാളം വന്നു കൊണ്ടിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസമെന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന പല വീഡിയോകളിലും ലൈംഗികാഭാസങ്ങളും വൈകൃതങ്ങളുമാണ് സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്നത്. ഒളിക്യാമറകള്‍ വഴി സ്ത്രീകള്‍ തുണിയലക്കുകയും മുലയൂട്ടുകയും ചെയ്യുന്ന രംഗങ്ങള്‍ ഒപ്പിയെടുത്ത് യൂട്യൂബില്‍ ഷെയര്‍ ചെയ്യുന്ന ഞരമ്പ് രോഗികളുമുണ്ട്. വര്‍ഗീയ സ്പര്‍ധ സൃഷ്ടിക്കാനും ഉപയോഗപ്പെടുത്തുന്നു യൂട്യൂബ്. ഇതിനിടെ ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് പി എസ് സി ചെയര്‍മാനായിരുന്ന ഡോ. കെ കെ എ രാധാകൃഷ്ണന്റെ ഒരു വാര്‍ത്താസമ്മേളനം, ലീഗ് നേതാവ് കെ എന്‍ എ ഖാദറിന്റേതെന്ന വ്യാജേന യൂട്യൂബില്‍ പ്രചരിപ്പിച്ചതിന് ഈരാറ്റുപേട്ട സ്വദേശി പിടിയിലായിരുന്നു. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
സാമൂഹിക വിമര്‍ശമെന്ന പേരില്‍ പൊതു പ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പണ്ഡിതന്മാരെയും സംഘടനകളെയും വ്യക്തിഹത്യ നടത്താനും വ്യാജ പ്രചാരണം നടത്താനും മറ്റു ചിലര്‍ ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നു. ഇസ്‌ലാമിനെയോ അതിന്റെ ആദര്‍ശ സംഹിതകളെയോ കുറിച്ച് ഒരു ചുക്കുമറിയാത്തവരാണ് കാലിക വിഷയങ്ങളോട് നിഷ്പക്ഷമായി പ്രതികരിക്കുകയെന്ന വ്യാജേന പാരമ്പര്യ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അടച്ചാക്ഷേപിക്കുകയും പാരമ്പര്യ മതത്തിന്റെ വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നവരുടെ നിലപാടുകളെ വെള്ളപൂശുകയും ചെയ്യുന്നത്. ഇങ്ങനെ ആര്‍ക്കും കയറിച്ചെല്ലാവുന്നതും എന്തും വിളിച്ചു പറയാവുന്നതുമായ ഒരു വേദിയായി മാറിയിട്ടുണ്ട് ഇന്ന് സൈബര്‍ ഇടം. ആരെയും വ്യക്തിഹത്യ നടത്താന്‍ കഴിയുന്ന സൈബര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ റോളിലാണ് പല യൂട്യൂബ് ചാനലുകളും പുറത്തുവരുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പല വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കിലും ഗുണത്തിലുപരി സമൂഹത്തെ ദുഷിപ്പിക്കുന്നതാണ് ഈ ആപ്പിലെ നല്ലൊരു പങ്കും. സൈബറിടത്തിലെ അതിക്രമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൈബര്‍ ലോകത്തിന്റെ വളര്‍ച്ചക്കൊത്ത് അതിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാംവിധം നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയോ ചട്ടങ്ങള്‍ കര്‍ശനമാക്കുകയോ ചെയ്യുന്നില്ല. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായകമായ വിധം ഐ ടി ആക്ടില്‍ സമൂല മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Latest