Connect with us

Kerala

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു; മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

മലപ്പുറം | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായാണ് കണക്കാക്കുന്നത്.