Connect with us

Ongoing News

അപൂർവതകളുടെ കാവലാൾ

Published

|

Last Updated

കൗതുകങ്ങളെയും അപൂർവതകളെയും കാത്തുസൂക്ഷിക്കുകയാണ് നജ്മുദ്ദീൻ. ചരിത്രശേഷിപ്പുകൾ നശിക്കരുതെന്നും വരുംതലമുറക്ക് ഇവകളെല്ലാം കാണാൻ സാധിക്കണമെന്നും ലക്ഷ്യം വെച്ചാണ് അപൂർവതകളുടെ കാവലാളാകാൻ നജ്മുദ്ദീൻ ഒരുങ്ങിയത്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടക്ക് ഇതെല്ലാം ശേഖരിക്കാൻ സമയം കണ്ടെത്തുന്നു എന്നത് കൗതുകകരമാണ്. പുരാവസ്തു ശേഖരവും അപൂർവ കാഴ്ചകളുമുള്ള എവിടെയും ചെന്നെത്താൻ ഏത് സമയവും സദാ സന്നദ്ധനാണ് ഇദ്ദേഹം.
1954ൽ ഇറങ്ങിയ ഇന്ത്യയുടെ വ്യത്യസ്തമായ 25, 50 പൈസയുടെ നാണയം, നിർമാണത്തിൽ പിശക് പറ്റി മുറിഞ്ഞുപോയ അക്ഷരങ്ങൾ രേഖപ്പെടുത്തിയ യു എ ഇയുടെ 50 ഫിൽസിന്റെ വലിയ നാണയം ഇവയെല്ലാം തന്റെ കൈകളിൽ വന്നുചേർന്നതും അവയെ നിധിപോലെ പരിപാലിക്കുന്നതും ഈ ചെറുപ്പക്കാരനിലെ ക്രിയാത്മക മനസ്സാണ്. ദുബൈയിൽ ഒരു ഫുഡ് സപ്ലൈ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ നജ്മുദ്ദീൻ.

യു എ ഇയുടെതായി പുറത്തിറങ്ങിയ അപൂർവതകളുള്ള അൻപതോളം നാണയങ്ങളും ശേഖരണത്തിൽ ഇടംപിടിച്ചിട്ടുണ്ട്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനുണ്ടായിരുന്ന ഒരു ഫിൽസിന്റെ നാണയമടക്കം 15 വരെയുള്ള ഫിൽസ് നാണയങ്ങൾ ഇന്ന് കൗതുകമാണ്. ഇപ്പോൾ 25 ഫിൽസിൽ തുടങ്ങുന്ന നാണയ പട്ടികയിൽ ആരും അധികം കാണാത്ത രണ്ടും അഞ്ചും പത്തും ഫിൽസിന്റെ നാണയങ്ങളും നജ്മുവിനടുത്തുണ്ട്.
ഷെയ്ഖ് സാഇദിന്റെ ചിത്രം ആലേഖനം ചെയ്ത പലതരം സ്റ്റാമ്പുകൾ, വിവിധ രാജ്യങ്ങളിൽ ഇറങ്ങിയ അപൂർവയിനം പൂക്കൾ, ചെടികൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ ചിത്രമുള്ള സ്റ്റാമ്പുകളുടെ ശേഖരവും ആകർഷകമായ രീതിയിൽ തന്നെ സൂക്ഷിക്കുന്നുണ്ട്. അപൂർവതകളെ സ്‌നേഹിക്കുന്ന ലോകത്ത് പ്രശസ്ത ചിത്രകാരൻ എം എഫ് ഹുസൈനെ കണ്ടത് കൊണ്ടാകണം ചിത്രത്തോടോപ്പം അദ്ദേഹം എഴുതിനൽകിയ ഓട്ടോഗ്രാഫും നജ്മുദ്ദീൻ നിധിപോലെ കൊണ്ടുനടക്കുന്നത്.


അപൂർവ നിക്ഷേപം

വിവിധ രാജ്യങ്ങളിൽ ഇറങ്ങിയ നൂറ് മുഖങ്ങളുള്ള നാണയം, രണ്ടാം എലിസബത്ത് രാജ്ഞിയുടെ പേരിൽ 1973 മുതൽ 2007 വരെ ഇറങ്ങിയ ബ്രിട്ടീഷ് നാണയ പരമ്പര, ഏറ്റവും ചെറിയ മൂന്ന് ഖുർആൻ പ്രതികൾ എന്നിവ നജ്മുദ്ദീന്റെ ശേഖരത്തിലുണ്ട്. പലപ്പോഴായി യു എ ഇ പുറത്തിറക്കിയ രാജ്യത്തെ 50 പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള നാണയങ്ങൾ ശ്രദ്ധേയമാണ്. ഇവയിൽ 42 എണ്ണവും നജ്മുദ്ദീന്റെ അടുത്തുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള കുവൈത്തിലെ കറൻസി, ബൈത്തുൽ മുഖദ്ദസ് എന്നീ ഗേഹങ്ങളുടെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കിയ നാണയങ്ങൾ, മസ്ജിദുകളുടെ മിനാരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവ ആലേഖനം ചെയ്ത് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ നാണയങ്ങൾ, 1947 മുതൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങൾ തുടങ്ങിയവക്കൊപ്പം അമ്പതിലധികം രാജ്യങ്ങളുടെ തപാൽ മുദ്രകളും ഈ ചെറുപ്പക്കാരന്റെ ശേഖരണ സവിശേഷതകളാണ്. ഇന്ത്യ, ഒമാൻ, ജപ്പാൻ, നേപ്പാൾ, ചൈന, കുവൈത്ത്, മലേഷ്യ, ശ്രീലങ്ക, മെക്‌സിക്കോ തുടങ്ങിയ 60 രാജ്യങ്ങളുടെ കറൻസികളും 700ഓളം പഴയകാല ടെലിഫോൺ കാർഡും ഇദ്ദേഹത്തിനടുത്തുണ്ട്. പഴയ വീട്ടുപകരണങ്ങൾ, വിവിധ രാജ്യങ്ങളുടെ പതാകകൾ എന്നിവ ശേഖരണത്തിന്റെ മാറ്റ് കൂട്ടുന്നു. ലോക രാഷ്ട്രങ്ങളുടെ തപാൽ മുദ്രകളും കറൻസി നോട്ടുകളും ഉൾപ്പെടും.

ലോകത്തിലെ വലുതും ചെറുതുമായ മനുഷ്യർ, വലിയ മീശയുള്ള മനുഷ്യൻ തുടങ്ങിയ വാർത്തകളിൽ നിറയുന്ന ലോകാത്ഭുതങ്ങളും സംഭവങ്ങളും ചിത്രശേഖരങ്ങളും നിരവധിയുണ്ട്. ചരിത്ര പരിപാടികളുടെ വാർത്താ കട്ടിംഗുകളും യു എ ഇയിൽ ആദ്യമായി പുറത്തിറങ്ങിയ സിറാജ് പത്രവും നജ്മുദ്ദീൻ കരുതലോടെ സൂക്ഷിക്കുന്നു. യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സാഇദ് മരണപ്പെട്ട പിറ്റേന്ന് മലയാള പത്രങ്ങൾ നൽകിയ പ്രധാന വാർത്തയുൾപ്പെടെ നിരവധി സംഭവങ്ങളുടെ വാർത്താതലക്കെട്ടുകളും ഇദ്ദേഹം സ്വരുക്കൂട്ടിയിരിക്കുന്നു. യു എ ഇയുടെ നാണയങ്ങൾ, സ്റ്റാമ്പുകൾ, മറ്റു അപൂർവ വസ്തുക്കൾ തുടങ്ങിയ എല്ലാ ശേഖരങ്ങളും ഒരുമിച്ചുകൂട്ടി ഭാവിയിൽ ആൽബമുണ്ടാക്കാനും പദ്ധതിയുണ്ട്. ദുബൈയിൽ അപൂർവ ശേഖരങ്ങളുടെ പ്രദർശനവും നടത്താറുണ്ട്. യു എ ഇയുടെ 39ാം വാർഷികത്തിനാണ് ആദ്യമായി പ്രദർശനം നടത്തിയത്.

ശേഖരണത്തിന്റെ തുടക്കം

ചെറുപ്പത്തിൽ പെരുന്നാൾ സമ്മാനമായി ലഭിക്കുന്ന നാണയത്തുട്ടുകൾ കൂട്ടിവെച്ച് തുടങ്ങിയതാണ് ശേഖരണത്തിലെ കന്പം. ഇത് പിന്നീട് ഒരു കൗതുകമായി വളർന്നു. തുടർന്ന് സഊദി അറേബ്യയിൽ പോയപ്പോൾ ശേഖരം വിപുലമാക്കുകയായിരുന്നു. നിരവധി കറൻസികളും നാണയങ്ങളും സ്വന്തമായി. മൂന്നര വർഷത്തിന് ശേഷം ജോലി അവസാനിപ്പിച്ചു മടങ്ങുമ്പോൾ അവയെല്ലാം തൊഴിലുടമയുടെ മകന് സമ്മാനമായി നൽകി. 2005ൽ ദുബൈയിലെത്തിയത് മുതലാണ് ശേഖരത്തിൽ കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രചോദനവും പിന്തുണയും കൂടിയായപ്പോൾ ശേഖരണം ഹരമായി മാറുകയായിരുന്നു.

സേവന മേഖലയിലും സജീവം

ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ സാമൂഹിക സേവനങ്ങൾക്ക് സമയം കണ്ടെത്താനും നജ്മു മുൻപന്തിയിലാണ്. 2005ൽ ദുബൈയിൽ പ്രവാസജീവിതം ആരംഭിച്ച നജ്മു ആർ എസ് സിയിലാണ് ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. നിലവിൽ ദുബൈ ഐ സി എഫ് അവീർ സെക്ടർ പബ്ലിക്കേഷൻ പ്രസിഡന്റാണ്. അതിന് പുറമേ നാട്ടിലെ വിവിധ സുന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗവുമാണ്. ദുബൈ ക്ലീൻ അപ്പ് ദി വേൾഡ് ശുചിത്വ യജ്ഞം, റെഡ് ക്രസന്റ് ആഭിമുഖ്യത്തിൽ ഗാസ ഫണ്ട് പിരിവ്, കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് സാന്ത്വനം നൽകുന്ന സഹായിയുടെ പ്രചരണം എന്നിവയിൽ പ്രവർത്തിച്ചതിന് പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്. ഗാസ ഫണ്ട് പിരിവിന് റെഡ് ക്രസന്റിൽ നിന്നും അപ്രിസിയേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു.

കഴിഞ്ഞ വർഷം മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെയും പുരാവസ്തുക്കൾ ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ ആർക്കിയോളജി & ഹെറിറ്റേജ് അസോസിയേഷൻ എന്നീ സംഘടനകളുടെയും ലൈഫ് മെമ്പർഷിപ്പും സർട്ടിഫിക്കറ്റും നജ്മുദ്ദീന് ലഭിച്ചു. എസ് എസ് എഫ് ഗൾഫിൽ നടത്തിയ സാഹിത്യോത്സവ് വേദികളിൽ നജ്മുദ്ദീൻ പങ്കെടുക്കുകയും സംഘാടനത്തിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. യു എ ഇയിൽ നിന്ന് മടങ്ങുമ്പോൾ ശേഖരങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് നജ്മുദ്ദീന്റെ ആഗ്രഹം. ഭാവി തലമുറക്ക് തന്റെ ശേഖരം ഉപകാരപ്പെടുന്നതിന് കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ വരുന്ന മ്യൂസിയത്തിന് നൽകുമെന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് പുതിയങ്ങാടി പുതിക്കോട്ടുംകണ്ടി സ്വദേശി സകാത്ത് വീട്ടിൽ അബൂബക്കർ ഹാജി-ഹജ്ജുമ്മ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ദിവസവും പുതിയ നാണയങ്ങളും നോട്ടുകളും സ്റ്റാമ്പുകളും വാർത്താ കട്ടിംഗുകളുമായി തന്റെ വിനോദം തുടരാൻ തന്നെയാണ് നജ്മുദ്ദീന്റെ മോഹം.

ത്വയ്യിബ് അദനി പെരുവള്ളൂർ
thoyyibkdp@gmail.com

Latest