Connect with us

Articles

നേരറിയാനല്ല സി ബി ഐ, പിന്നെ?

Published

|

Last Updated

സുപ്രീം കോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, തീര്‍പ്പുണ്ടാക്കിയതോ വിധിന്യായം രചിച്ചതോ ആയ കേസുകളില്‍ ഭരണകൂടത്തിന്റെ ഇംഗിതം നിറവേറ്റപ്പെടുകയാണുണ്ടായതെന്ന വിമര്‍ശം ശക്തമാണ്. രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ ഇടയുള്ള കേസുകള്‍ താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുള്‍പ്പെട്ട ബഞ്ചിനെ ഏല്‍പ്പിക്കുന്നതിനെക്കൂടി എതിര്‍ത്തായിരുന്നു സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം. എന്നാല്‍ പില്‍ക്കാലവും ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയിലെ സ്വാധീന ശക്തിയായി തുടര്‍ന്നുവെന്ന് നിരീക്ഷിക്കുന്നത് ആ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെയാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് തൊട്ടുപിറകെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് എന്നത് പ്രത്യേകം സ്മരണീയം.

ജസ്റ്റിസ് അരുണ്‍ മിശ്ര വിധിന്യായം കുറിച്ച കേസുകളിലൊന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്ത് രഥയാത്ര തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടുകയും ചെയ്ത ലാലു പ്രസാദ് യാദവ് പ്രതിയായതാണ്. കാലിത്തീറ്റ കുംഭകോണക്കേസ്. കാലിത്തീറ്റ കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സി ബി ഐ, പല കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഏതാണ്ട് ഒരേ സ്വഭാവമുള്ള കേസുകള്‍. ഒന്നിച്ച് രജിസ്റ്റര്‍ ചെയ്യാവുന്ന കേസുകള്‍ പലതായി രജിസ്റ്റര്‍ ചെയ്തതിന് പിറകില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. കേസുകളുടെ നൂലാമാലയില്‍ നിന്ന് ലാലുവിനെപ്പോലൊരു നേതാവ് അടുത്ത കാലത്തൊന്നും മോചിതനാകരുതെന്ന രാഷ്ട്രീയം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടു. ഈ സമയത്താണ് സമാന സ്വഭാവമുള്ള മറ്റു കേസുകളിലെ വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാലു നല്‍കിയ ഹരജിയില്‍ ബിഹാര്‍ ഹൈക്കോടതിയുടെ വിധിയുണ്ടാകുന്നത്. സമാന സ്വഭാവമുള്ള കേസുകളില്‍ പ്രത്യേക എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്, ഒരു കുറ്റത്തിന് ഒന്നിലധികം ശിക്ഷ വിധിക്കാന്‍ കാരണമാകുമെന്നും അങ്ങനെ ശിക്ഷിക്കുന്നത് രാജ്യത്തിന്റെ ഭരണഘടന തന്നെ വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മറ്റ് കേസുകളിലെ വിചാരണ റദ്ദാക്കി.

ഈ വിധിയില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി ബി ഐ തയ്യാറായില്ല. ഇത്തരം കേസുകളില്‍ ഹൈക്കോടതി വിധി വന്നാല്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് കാലപരിധിയുണ്ട്. അതിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാതിരുന്ന സി ബി ഐ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സുപ്രീം കോടതിയെ സമീപിച്ചു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു സി ബി ഐ. കേസ് പരിഗണിച്ച ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര, ഹൈക്കോടതി വിധി അസാധുവാക്കി. അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് സി ബി ഐയെ വിമര്‍ശിച്ചു. സമാന സ്വഭാവമുണ്ടെങ്കിലും എഫ് ഐ ആറുകള്‍ നിലനില്‍ക്കുമെന്നും വിചാരണ നടത്താമെന്നും ഉത്തരവിട്ടു.
സി ബി ഐയും ഇതര അന്വേഷണ ഏജന്‍സികളും കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നതിന് മുമ്പും രാജ്യം സാക്ഷിയായിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ കേസിലുള്‍പ്പെട്ടതും കേസുകളില്‍ മുലായത്തിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചതും കേന്ദ്ര ഭരണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കാലത്തായിരുന്നു. രണ്ട് ഘട്ടത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയുമായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങളുടെ സംരക്ഷണത്തിന് അന്വേഷണ ഏജന്‍സികള്‍ തത്രപ്പെടുമ്പോഴും നീതിന്യായ സംവിധാനം അത്രക്ക് വഴങ്ങിക്കൊടുത്തിരുന്നില്ല അക്കാലം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി, ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനമെന്നതൊക്കെ മരീചികയായിപ്പോലുമില്ലാത്ത അവസ്ഥയായിരിക്കുന്നു.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍, എം എല്‍ എമാരെ ചേരി മാറ്റുന്നതിന് ഇത്തരം ഏജന്‍സികളെ ഉപയോഗിച്ച സംഭവങ്ങള്‍ പലത്. അങ്ങനെ ഉപയോഗിക്കാന്‍ പാകത്തിലുള്ള പഴുതുകള്‍ ഉണ്ടായിരുന്നുവെന്നതും പറയാതിരുന്നുകൂടാ. ലാലുവിന്റെയും മുലായത്തിന്റെയും മായാവതിയുടെയും ചിദംബരത്തിന്റെയും ഒക്കെ കാര്യത്തില്‍ ഇത്തരം പഴുതുകളുണ്ടായിരുന്നു. ആ പഴുതുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് പാകത്തില്‍ പെരുപ്പിക്കുക എന്നതാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം. അതവര്‍ പൂര്‍വാധികം ഭംഗിയായി നിറവേറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. അല്‍ഖാഇദ ബന്ധം ആരോപിച്ച് പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തവരുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുര്‍ശിദാബാദില്‍ നിന്ന് അറസ്റ്റുകളുണ്ടാകുമ്പോള്‍ വൈകാതെ പശ്ചിമ ബംഗാളില്‍ കാണാന്‍ പോകുന്നതും ഇതായിരിക്കും.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് പ്രാഥമികമായി കസ്റ്റംസിന്റേതാണ്. കടത്തിയ സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണം എന്‍ ഐ എയുടേതും. ഇതില്‍ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ, കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതൊക്കെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അതിനൊക്കെ പുറമെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്ത്രീ, ലൈഫ് മിഷന്‍ പദ്ധതികളിലൊന്നിന്റെ നിര്‍മാണ ഏജന്‍സിയെ നിര്‍ണയിക്കാന്‍ ഇടപെട്ടുവെന്നും അതിന് കമ്മീഷന്‍ കൈപ്പറ്റിയെന്നുമുള്ള ആരോപണത്തിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുക്കുന്നത്. മതഗ്രന്ഥത്തിന്റെ മറവില്‍ കടത്തുണ്ടായോ എന്ന് കസ്റ്റംസ് നടത്തുന്ന അന്വേഷണം വേറെ.

നയതന്ത്ര ചാനല്‍ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത്, കടത്തിന് സഹായിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, മന്ത്രിമാരില്‍ ചിലരുമായി അവര്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആശയവിനിമയം നടത്തിയെന്നതിന്റെ തെളിവ്, സ്വര്‍ണക്കടത്തിലൂടെ കിട്ടുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്ന സംശയം (സംസ്ഥാനത്ത് നിന്ന് ഉയര്‍ത്തിവിടുകയും കേന്ദ്ര ഭരണകൂടം സ്വീകരിക്കുകയും ചെയ്തതാണ് ഈ സംശയം), മതഗ്രന്ഥത്തിന്റെ മറവില്‍ കടത്തു നടന്നോ എന്ന് അന്വേഷിക്കണമെന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം എന്നിങ്ങനെ പല പഴുതുകള്‍. സംഘ്പരിവാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി പെരുപ്പിക്കാവുന്ന പഴുതുകള്‍. പരമാവധി പെരുപ്പിക്കാന്‍ പാകത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. മതഗ്രന്ഥത്തിന്റെ മറവില്‍ കടത്തു നടന്നോ എന്ന ഒറ്റക്കാര്യമെടുക്കുക. കൊണ്ടുവന്ന ഗ്രന്ഥങ്ങളെത്ര, പുറത്തേക്ക് കൊണ്ടുപോയതെത്ര, ഏത് സ്ഥലത്തേക്കാണോ കൊണ്ടുപോയത് അവിടങ്ങളില്‍ ഗ്രന്ഥങ്ങളുണ്ടോ എന്ന അന്വേഷണം ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഏത് അന്വേഷണ ഏജന്‍സിക്കും സാധിക്കും. പക്ഷേ, ഒരു ഏജന്‍സിയുമത് തീര്‍ക്കില്ല. സംശയത്തിന്റെ കാര്‍മേഘത്തിന് പരമാവധി കട്ടികൂട്ടുക എന്നതാണ് സംഘ്പരിവാരത്തിന്റെ അജന്‍ഡ. അത് നടപ്പാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ആരുന്നയിക്കുന്ന ഏത് ആരോപണവും തൊണ്ടതൊടാതെ വിഴുങ്ങാന്‍ തയ്യാറാകുകയും മനോധര്‍മം മാത്രം പാടുകയും ചെയ്യുന്നവര്‍ അന്വേഷണ ഏജന്‍സികള്‍ക്കും അതുവഴി സംഘ്പരിവാരത്തിനും കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യുന്നു.

സി ബി ഐ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൊഴുക്കും. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും തീരാത്ത അഭയ കേസുണ്ട് സി ബി ഐയുടെ ക്രെഡിറ്റില്‍. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏല്‍പ്പിച്ചു കൊടുത്ത ലാവ്‌ലിന്‍ കേസുണ്ട്. 2006 മുതല്‍ ഭരിച്ച വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കൈമാറ്റം ചെയ്യപ്പെട്ട ടൈറ്റാനിയം അഴിമതിക്കേസുണ്ട്. അവസാനിപ്പിക്കാന്‍ പലകുറി ശ്രമിച്ചിട്ടും കോടതി അനുവദിക്കാത്ത കവിയൂര്‍ കേസുണ്ട്. അങ്ങനെ പലത്. അതിലെല്ലാം സമാന്തരമായി രാഷ്ട്രീയമുണ്ടായിരുന്നു. അതുക്കും മേലെയാകും ഒരുപക്ഷേ, ലൈഫ് മിഷന്‍ കേസ്. ആരെയും കുടുക്കാന്‍ പഴുതുള്ള ഒന്ന്. എല്ലായിടത്തും പഴുതുകളുണ്ടാക്കാന്‍ പാകത്തില്‍, കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രവര്‍ത്തിച്ചുവെന്നതും കാണാതിരുന്നുകൂടാ. ആ ജാഗ്രതക്കുറവും (സി പി ഐ (എം) ഭാഷയില്‍) അതിനെ മുതലെടുക്കാനുള്ള തിടുക്കത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു ഡി എഫ് കാട്ടുന്ന ജാഗ്രതക്കുറവും സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കുക എന്ന അന്വേഷണ ഏജന്‍സികളുടെ ദൗത്യം എളുപ്പത്തിലാക്കും. നേരറിയാനല്ല സി ബി ഐ എന്നത് അനുഭവ പാഠം. നേരറിയാനല്ല ഈ ഏജന്‍സികളൊന്നുമെന്നത് നരേന്ദ്ര മോദിക്കാലത്തെ പുതിയ പാഠം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest