Connect with us

Kerala

പാലാരിവട്ടം പാലം പൊളി നാളെ തുടങ്ങും; അവശിഷ്ടങ്ങള്‍ ചെല്ലാനത്ത് കടലാക്രമണം തടയാന്‍ ഉപയോഗിക്കും: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം  | തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പകലും രാത്രിയുമായി പൊളിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കഴിയുമെങ്കില്‍ വാഹനങ്ങളില്‍ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കടലാക്രമണം ദുരിതം വിതച്ചു കൊണ്ടിരുന്ന ചെല്ലാനത്ത് കൂറ്റന്‍ തിരകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും റോഡില്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഗുണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം കേരളത്തിന്റെ നിര്‍മ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേര്‍ക്കപ്പെടുമെന്നുറപ്പാണെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് ശ്രീ ഇ.ശ്രീധരൻ്റെ മേൽനോട്ടത്തിൽ ഡി.എം.ആര്‍.സി നാളെ (28-09-2020) രാവിലെ 9 മണിമുതൽ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങും.
പകലും രാത്രിയുമായി പൊളിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കഴിയുമെങ്കിൽ വാഹനങ്ങളില്‍ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീ ഇ. ശ്രീധരൻ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ കാര്യം അദ്ദേഹം സഹായം തേടിയിട്ടുള്ള ഊരാളുങ്കള്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ശ്രീ രമേശനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.
ഇത്  മൂലം  രണ്ടാണ് ഗുണം. കടലാക്രമണം ദുരിതം വിതച്ചു കൊണ്ടിരുന്ന ചെല്ലാനത്ത് കൂറ്റൻ തിരകൾക്ക് പ്രതിരോധം തീർക്കാനും റോഡില്‍ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും എന്നുള്ളതാണ്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിയു കൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം കേരളത്തിൻ്റെ നിര്‍മ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേർക്കപ്പെടുമെന്നുറപ്പാണ്.
വിലപ്പെട്ട സമയം നമുക്ക് നഷ്ടപ്പെട്ടു.നഗരവാസികളും ദേശീയ പാത ഉപയോക്താക്കളും ഏറെ വലഞ്ഞു. കഴിഞ്ഞ 9  മാസക്കാലം  പ്രവൃത്തി തടസ്സപ്പെട്ടു കിടന്നു.ബഹു. ഹൈക്കോടതി പാലം പുനര്‍ നിര്‍മ്മാണം അസ്ഥിരപ്പെടുത്തിയില്ലായിരുങ്കിൽ ഇപ്പോള്‍ പണി പൂര്‍ത്തിയാക്കി സുഗമമായ യാത്രാ സൗകര്യം സജ്ജമാക്കാൻ കഴിയുമായിരുന്നു.
പുനർനിര്‍മ്മാണം തടസ്സപ്പെടുത്തിയവർ ചെയ്ത തെറ്റ് എത്രമാത്രം വലുതാണ് എന്നത് നാടും നാട്ടാരും മാധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്.
ഉത്തരവാദികളെപ്പറ്റി ആകുലപ്പെടുന്നവരുണ്ട്. കൃത്യമായ വിജിലൻസ് അന്വേഷണം നടന്നു വരുന്നുണ്ട്. ഉപ്പു തിന്നവർ വെള്ളം കുടിച്ചു കൊള്ളും.
തടസ്സങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിച്ചു.ഒട്ടൊക്കെ വിജയിച്ചു. എന്നാൽ ബഹു.പരമോന്നത കോടതി വിധിയോടെ തമസ്സും തടസ്സങ്ങളുമകന്നു. ഇപ്പോൾ മറ്റൊന്നും തന്നെ ഞങ്ങളെ അലട്ടുന്നില്ല. ഏക ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഭൂതകാല ഭാണ്ഡങ്ങളഴിച്ച് പഴി പറഞ്ഞിരിക്കാൻ ഞങ്ങളില്ല. ചടുലവും സത്വരവുമായ വർത്തമാന കാല പ്രവൃത്തികളിലൂടെ ഭാവിയിലേയ്ക്കുള്ള ഉയരപ്പാതയാണ് ലക്ഷ്യം.
നാണക്കേടിനെ അറബിക്കടലിൽത്തള്ളി അഭിമാനത്തിൻ്റെ പുതു പാതയൊരുങ്ങുന്നു.എത്രയും വേഗം ഈ അഭിമാനപ്പാതയുടെ  നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സഹകരണവും എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Latest