പുത്തുമല ദുരന്തം: കണ്ടെടുത്ത മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി എന്‍ എ ഫലം

Posted on: September 26, 2020 7:22 am | Last updated: September 26, 2020 at 9:45 am

വയനാട്  |ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി എന്‍ എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്.

പുത്തമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്തു നിന്നാണ് ഈ മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിയുന്നതിനായി ഇത് ഡി എന്‍ എ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡി എന്‍ എയുമായി ലഭിച്ച മൃതദേഹത്തിന്റെ ഡി എന്‍ എ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം. പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയില്‍ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം.

കണക്കില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.