എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനെ വിട്ടയച്ചു

Posted on: September 24, 2020 10:15 pm | Last updated: September 25, 2020 at 12:07 pm

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം നിര്‍ത്തി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിട്ടയച്ചു. എന്‍ ഐ എ ആസ്ഥാനത്ത്് നിന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. കാറില്‍ കയറി ഉടന്‍ മടങ്ങുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് എന്‍ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. ഇതില്‍ പ്രധാനപ്പെട്ടത് സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളാണ്. ഇക്കാര്യങ്ങളും എന്‍ ഐ എ ശിവശങ്കറിനോട് ചോദിച്ചതായാണ് സൂചന.

നേരത്തേ രണ്ട് തവണ എന്‍ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറോളമാണ് നീണ്ടത്. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.