കൊവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം; കെ എസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

Posted on: September 24, 2020 3:11 pm | Last updated: September 24, 2020 at 5:15 pm

തിരുവനന്തപുരം | സ്വന്തം പേരിനു പകരം മറ്റൊരു പേരു നല്‍കി കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസ്. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് അഭിജിത്തിനെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ കെ എം അഭിജിത്തിന്റെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അഭി എം കെ എന്നാണ്. മേല്‍വിലാസമാണെങ്കില്‍ കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെതും. നല്‍കിയ മൊബൈല്‍ നമ്പര്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടുടമയുടെതാണ്.

എന്നാല്‍, പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തുമ്പോള്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് പിഴച്ചതാണെന്നാണ് അഭിജിത്തിന്റെ വാദം. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നും അഭിജിത്ത് ആരോപിക്കുന്നു. കെ എസ് യു പ്രസിഡന്റ് പേര് എന്തിന് ബോധപൂര്‍വം മറച്ചു വയ്ക്കണം എന്ന ചോദ്യം ബാഹുല്‍ കൃഷ്ണ ഉന്നയിക്കുന്നു.