എം ശിവശങ്കറിനെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നു; സ്വപനയേയും ഓഫീസിലെത്തിച്ചു

Posted on: September 24, 2020 11:38 am | Last updated: September 24, 2020 at 4:14 pm

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എന്‍ ഐ എ. ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇന്ന് രാവിലെയാണ് എത്തിയത്.

കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത്. സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.സ്വപ്‌ന സുരേഷിനേയും എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍ ഐ എ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും. ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.