ആയുഷ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കണം: യുനാനി വിദഗ്ധർ

Posted on: September 23, 2020 4:17 pm | Last updated: September 23, 2020 at 7:49 pm


കോഴിക്കോട് | കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആയുഷ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കണമെന്ന് യുനാനി വിദഗ്ധർ. മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ആരംഭിച്ച ഇത്തരം അറുനൂറിലധികം ക്ലിനിക്കുകൾ മികച്ച ഫലം ചെയ്തിട്ടുണ്ട്. കൊവിഡ് രോഗ പ്രതിരോധത്തിന് ചെലവ് കുറഞ്ഞതും മികച്ചതുമായ ആയുഷ് ചികിത്സാരീതികൾ രാജ്യത്താകെ നടപ്പാക്കണമെന്ന് ആയുഷ് മന്ത്രാലയം ഏതാനും മാസങ്ങൾക്കു മുമ്പ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ കേരളത്തിൽ കാര്യമായ പ്രവർത്തനങ്ങൾ ഇതുവരെ നടന്നിട്ടില്ലെന്നും യുനാനി ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആയുഷ് ചികിത്സാ രീതികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മർകസ് യുനാനി മെഡിക്കൽ കോളജ് സംസ്ഥാന സർക്കാറിന് കത്ത് നൽകിയിരുന്നുവെന്ന് മർകസ് യുനാനി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ആയുഷ് വകുപ്പിന് കീഴിലുള്ള യുനാനി, ആയുർവേദം, ഹോമിയോ, സിദ്ധ എന്നിവകളിൽ വിദഗ്ധരായ ഓരോ ഡോക്ടറെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രമുഖ യുനാനി വിദഗ്ധനും മർകസ് യുനാനി മെഡിക്കൽ കോളജ് ഡയറക്ടറുമായ ഡോ. കെ ടി അജ്മൽ ആവശ്യപ്പെട്ടു.

ആയുഷിന്റെ പ്രതിരോധ ചികിത്സാ സാധ്യതകൾ കൂടി ഉൾപ്പെടുത്തി ഒരു പുതിയ കേരളാ മോഡൽ ലോകാരോഗ്യ സംഘടനക്ക് മുമ്പിൽ അവതരിപ്പിക്കണമെന്ന് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം ആവശ്യപ്പെട്ടു.

മർകസ് യുനാനി മെഡിക്കൽ കോളജ് ജോ. ഡയരക്ടർ ഡോ. ഹാറൂൺ മൻസൂരി, അസി. ഡയരക്ടർ ഡോ. യു കെ ശരീഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുർറഹ്‌മാൻ, അഡ്വ. സമദ് പുലിക്കാട് പങ്കെടുത്തു.

ALSO READ  രാജ്കട്ട് ജയിലിലെ 23 തടവുകാര്‍ക്ക് കൊവിഡ്