ആരുമായും യുദ്ധത്തിനോ, അതിര്‍ത്തി വിപുലീകരണത്തിനോ ചൈനയില്ല: ഷി ജിന്‍ പിംഗ്

Posted on: September 23, 2020 8:51 am | Last updated: September 23, 2020 at 12:44 pm

ബീജിംഗ് | ഒരു രാജ്യവുമായും യുദ്ധമടക്കമുള്ള ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും താത്പര്യമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. യു എന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ഷീ ജിന്‍ പിംഗ് പറഞു. അഭിപ്രായ വിത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള അതിര്‍ത്തി രാജ്യങ്ങളുമായി പല തരത്തിലുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹര്യത്തിലാണ് യുദ്ധത്തിനില്ലെന്ന ഷി ജിന്‍ പിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട ലോകരാജ്യങ്ങള്‍ ചൈനയെ കുറ്റപ്പെടുത്തുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. പ്രശ്‌നത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള ഏതൊരു ശ്രമത്തേയും ചെറുത്ത് തോല്‍പ്പിക്കും.

വൈറസിനെതിരെ ഒന്നിച്ച് നേരിടണം. ശാസ്ത്രീയ മാര്‍ഗത്തിലൂടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടതെന്നും ഷീ ജിന്‍പിംഗ് കൂട്ടിച്ചേര്‍ത്തു.