Connect with us

Editorial

വേണം, പ്രതിഷേധ സമരങ്ങള്‍ക്ക് അതിര്‍ത്തിരേഖ

Published

|

Last Updated

സുപ്രധാനമായൊരു വിധിയാണ് പ്രതിഷേധ സമരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. പൗരന്മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ നടന്ന സമരത്തിനെതിരെ നല്‍കിയ ഹരജി പരിഗണിക്കവെയാണ് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ പാര്‍ലിമെന്റിലും നിരത്തുകളിലും പ്രതിഷേധമാകാമെങ്കിലും അത് സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്. പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ അവസരമുണ്ട്. സംവാദം എപ്പോള്‍ എങ്ങനെ നടക്കണം എന്നതിലാണ് വിഷയം. ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതിഷേധ സമരത്തിന് പൗരന്മാര്‍ക്കുള്ള അവകാശം ഭരണഘടനയും പലപ്പോഴും കോടതികളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അനുഛേദം 19(എ)യിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും 19(ബി)യിലൂടെ സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു ഭരണഘടന. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന്, സമരം നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ കേരള ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഹരജി തള്ളുകയും സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹരജിക്കാരെ ഓര്‍മിപ്പിക്കുകയുമുണ്ടായി. പ്രതിഷേധം പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും അതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹരജി പരിഗണിക്കവെ ഡൽഹി തീസ് ഹസാരി കോടതിയും വ്യക്തമാക്കിയിരുന്നു.

ഭരണത്തിലിരിക്കുന്നവരില്‍ നിന്ന് ജനദ്രോഹ നടപടികളും അഴിമതിയും സ്വജനപക്ഷപാതവും പ്രകടമാകുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധം ഉയര്‍ന്നു വരും. സര്‍ക്കാറുകളുടെ അനീതിക്കെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹത്തിന് വിശിഷ്യാ പ്രതിപക്ഷത്തിന് അവകാശവും അധികാരവുമുണ്ട്. ഭരണം വഴിതെറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുകയും തിരുത്തിക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷ ബാധ്യതയാണ്. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് അഭിമാനത്തോടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കലാണ്. അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടാതെ, ഭരണവര്‍ഗം വലിച്ചെറിഞ്ഞു തരുന്നത് വിഴുങ്ങി ശബ്ദമുണ്ടാക്കാതെ ജീവിക്കുന്നത് ഫാസിസ വ്യവസ്ഥിതിയുടെ രീതിയാണ,് ജനാധിപത്യത്തിന്റേതല്ല.

അതേസമയം, പ്രതിഷേധ സമരത്തിനുള്ള അവകാശം പരമമല്ല. അത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്തതും സഞ്ചാരസ്വാതന്ത്ര്യത്തിന് വിഘ്‌നം സൃഷ്ടിക്കാത്തതുമായിരിക്കണം. ഇന്ന് പക്ഷേ, രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഏറെയും അരങ്ങേറുന്നത് ഈ സീമകള്‍ ലംഘിച്ചും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചുമാണ്. സ്വത്തിനും ജീവനു തന്നെയും ഭീഷണി സൃഷ്ടിക്കുന്നു പല സമരങ്ങളും. കല്ലേറും പൊതുമുതല്‍ നശിപ്പിക്കലും വാഹനങ്ങള്‍ കത്തിക്കലും ജനപ്രതിനിധികളെ വഴിതടയലും രാഷ്ട്രീയ സമരങ്ങളുടെ അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. സമരത്തിന്റെ പേരില്‍ എത്രയെത്ര കെ എസ് ആര്‍ ടി സി ബസുകളും സര്‍ക്കാര്‍ വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. ഒരു മന്ത്രിക്കോ എം എല്‍ എക്കോ എതിരെ എന്തെങ്കിലും ആരോപണം ഉയര്‍ന്നു കഴിഞ്ഞാല്‍ വഴിതടഞ്ഞും ഓഫീസില്‍ ഉപരോധം തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. തെരുവുകളില്‍ നിയമം കൈയിലെടുക്കുന്നു. കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിശീഘ്രം വ്യാപിച്ചു കൊണ്ടിരിക്കുകയും സാമൂഹിക വ്യാപനം നടന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യവെ, സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരങ്ങള്‍ നടത്തുന്നു. ന്യായവും സമാധാനപരവുമായ സമരങ്ങളെ ഭരണവൃത്തങ്ങളോ കോടതികളോ നിരോധിക്കാറില്ല. സമരങ്ങള്‍ പരിധി വിടുമ്പോഴാണ് നിയമപാലകര്‍ക്കും കോടതിക്കും ഇടപെടേണ്ടി വരുന്നത്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധമേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് അവകാശ സമരത്തോടുള്ള വിയോജിപ്പ് കൊണ്ടായിരുന്നില്ല. കലാലയങ്ങളുടെ പ്രവര്‍ത്തനത്തിനും വിദ്യാര്‍ഥികളുടെ പഠനത്തിനും തടസ്സം നേരിടുമെന്ന് കണ്ടതുകൊണ്ടാണ്. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയ സമരം വേണ്ട, സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നുമായിരുന്നു ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്, സമരത്തിനുള്ളതല്ലെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരത്തിന് നിര്‍ബന്ധിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. ഈ കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരമൊരു ഉത്തരവ് നല്‍കുന്നതിലേക്ക് കോടതിയെ എത്തിച്ചത് തങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനം കൊണ്ടാണെന്ന കാര്യം സംഘടനാ നേതൃത്വങ്ങള്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. ഇവിടെയാണ് പ്രതിഷേധിക്കാനുള്ള അവകാശവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന സുപ്രീം കോടതി ബഞ്ചിന്റെ തിങ്കളാഴ്ചത്തെ ഉത്തരവ് പ്രസക്തമാകുന്നത്. സഞ്ചരിക്കാനും തൊഴിലെടുക്കാനും കച്ചവടം ചെയ്യാനും പഠിക്കാനുമുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിച്ചു വേണം പ്രതിഷേധ സമരങ്ങള്‍ നടത്താന്‍. അതിനനുസൃതമായിരിക്കണം സമരങ്ങളുടെ ആസൂത്രണവും നടത്തിപ്പും.