Connect with us

Kerala

സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് ലഭിച്ചത് 169.5 മില്ലിമീറ്റര്‍ മഴ; നാളെ മുതല്‍ ശക്തി കുറയും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കഴിഞ്ഞ നാലു ദിവസം കൊണ്ട് ശരാശരി 169.5 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ മാസത്തിലെ ഈ ദിവസങ്ങളിലെ ദീര്‍ഘകാല ശരാശരി കേവലം 32.5 മില്ലിമീറ്റര്‍ മാത്രമാണ്. ഇതോടുകൂടി ജൂണില്‍ തുടങ്ങിയ നമ്മുടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ ആകെ ലഭിച്ച മഴ 2194.1 മില്ലിമീറ്ററായി. ദീര്‍ഘകാല ശരാശരിയായ 1973 മില്ലിമീറ്ററിനേക്കാള്‍ 11 ശതമാനം അധിക മഴയാണിത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വയനാട് ജില്ലയില്‍ ഇപ്പോഴും ആകെ മഴയില്‍ 16 ശതമാനത്തിന്റെ കുറവുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴയുടെ ശക്തി നാളെ മുതല്‍ പൊതുവെ കുറഞ്ഞുവരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലമ്പൂര്‍, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഇത്.
മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ കാസര്‍കോട്- 2, തിരുവനന്തപുരം- 2, ഇടുക്കി ഒന്ന് എന്നിങ്ങനെ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Latest