Connect with us

Fact Check

FACT CHECK: തബ്ലീഗ് ആസ്ഥാനത്ത് മോദിയുടെ ജന്മദിനം ആഘോഷിച്ചുവോ?

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം തബ്ലീഗ് ജമാഅത്ത് തങ്ങളുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് വെച്ച് ആഘോഷിച്ചുവെന്ന് പ്രചാരണം. മോദിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളവസ്ത്രവും തൊപ്പിയുമിട്ട ഒരു സംഘം പ്രാര്‍ഥിക്കുന്ന ചിത്രം ഉപയോഗിച്ചാണ് പ്രചാരണം. സംഘത്തിന്റെ നടുവിലായി മേശപ്പുറത്ത് കേക്കുമുണ്ട്.

തബ്ലീഗ് ആസ്ഥാനത്ത് മോദിയുടെ ജന്മദിനം ആഘോഷിച്ചു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ മുസ്ലിം സമുദായം മോദിയുടെ ജന്മദിനം ആഘോഷിച്ചുവെന്നും പലരും പ്രചരിപ്പിക്കുന്നു. തബ്ലീഗിന്റെ പണ്ഡിതസഭയായ ജമാഅത് ഉലമായെ ഹിന്ദിന്റെ ദേശീയ പ്രസിഡന്റ് മൗലാന ശുഐബ് ഖസ്മി, ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉറുദു യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഫിറോസ് ഭക്ത് അഹ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചു എന്നാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍, ശുഐബ് ഖസ്മി ബി ജെ പി നേതാവ് കൂടിയാണ്. ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡക്കും കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിക്കുമൊക്കം ബി ജെ പി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയാണ് ഖസ്മിയുടെ പ്രൊഫൈല്‍ ചിത്രം.

നിലവില്‍ ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആര്‍ എസ് എസ് പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് കണ്‍വീനറുമാണ് മൗലാന ശുഐബ് ഖസ്മി. തബ്ലീഗ് ആസ്ഥാനത്തിന്റെ പുറത്തുള്ള തെരുവില്‍ വെച്ചാണ് മോദിയുടെ ജന്മദിനം ആഘോഷിച്ചതെന്ന് ഖസ്മി പറഞ്ഞു. ബി ജെ പിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നുമുള്ള നിരവധി പേര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. കേക്ക് മുറിക്കുന്നതിന്റെ 4.15 മിനുട്ട് വരുന്ന വീഡിയോയും ഖസ്മി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് വിവാദങ്ങള്‍ കാരണം അടച്ചിട്ടിരിക്കുകയാണ് തബ്ലീഗ് ആസ്ഥാനമെന്ന് വക്താവ് മുജീബുര്‍റഹ്മാന്‍ പറഞ്ഞു. ജന്മദിനാഘോഷത്തില്‍ തബ്ലീഗ് ഔദ്യോഗികമായി പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest