Connect with us

National

സസ്‌പെന്‍ഷനിലായ രാജ്യസഭാ എം പിമാര്‍ ധര്‍ണ അവസാനിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ പാര്‍ലിമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ അവസാനിപ്പിച്ചു. പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ധര്‍ണ അവസാനിപ്പിച്ചത്. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനോട് അനാദരവോടെ പെരുമാറിയതിനാണ് കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ കെ രാഗേഷ് (സി പി എം) എന്നിവരുള്‍പ്പെടെ എട്ട് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഡെറിക് ഒബ്രിയന്‍, ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാര്‍ട്ടി), രാജീവ് സത്തവ്, സയ്യിദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറന്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് വര്‍ഷകാല സമ്മേളനം തീരുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്.

മാപ്പു പറഞ്ഞാല്‍ എം പിമാരുടെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷാംഗങ്ങളുടെ ഇത്തരം അക്രമാസക്തമായ പെരുമാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അതിനിടെ, കാര്‍ഷിക ബില്ലില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചു.

Latest