കൊവിഡില്‍ നാലാം ദിവസവും നാലായിരം പിന്നിട്ട് കേരളം; 80 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗബാധ

Posted on: September 20, 2020 7:54 pm | Last updated: September 21, 2020 at 8:09 am

തിരുവനന്തപുരം | സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുകയാണ്. രോഗം വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. തലസ്ഥാന ജില്ലയില്‍ അതി ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ജില്ലാകളക്ടര്‍ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളത്തും കോഴിക്കോട്ടും അഞ്ഞൂറിന് മുകളിലേക്ക് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നത് ഏറെ ആശങ്കാജനകമാണ്. ഇതിന് പുറമെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇതും ഏറെ ആശങ്കക്കിടയാക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിതനായ ഒരു ഡോക്ടര്‍ ഇന്ന് മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡിനെത്തുടര്‍ന്ന് ഒരു ഡോക്ടര്‍ മരിക്കുന്നത്.

ഇന്ന് മാത്രം 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.