ഒറ്റ ദിവസം 12 ലക്ഷത്തിലധികം കൊവിഡ് പരിശോധന; രോഗമുക്തി നിരക്ക് 79.68 ആയി ഉയര്‍ന്നു

Posted on: September 20, 2020 11:33 am | Last updated: September 20, 2020 at 11:34 am

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 12 ലക്ഷത്തി ആറായിരത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് കോടി 36 ലക്ഷം കോവിഡ് -19 ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. പരിശോധന കൂട്ടിയത് പോസിറ്റീവ് കേസുകള്‍ നേരത്തേ തിരിച്ചറിയുന്നതിനും സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്ക്കും മരണനിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,612 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 79.68 ശതമാനമായി ഉയര്‍ന്നു. മൊത്തം രോഗമുക്തരുടെ എണ്ണം 43 ലക്ഷത്തിലധികമായി. ആകെ കൊവിഡ് ബാധിതരില്‍ 18.72 ശതമാനം മാത്രമേ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ. നിലവില്‍ 10,10,824 പേരാണ് ചികിത്സിയിലുള്ളത്.

കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപരമായ ‘ടെസ്റ്റ്-ട്രാക്ക് ആന്‍ഡ് ട്രീറ്റ്’ സമീപനം രോഗമുക്തി നിരക്ക് ഉയരുന്നതിനും മരണനിരക്ക് കുറയുന്നതിനും കാരണമായതായി മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ മരണനിരക്ക് 1.61 ശതമാനമാണ്. ആഗോളതലത്തില്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ALSO READ  രാജ്കട്ട് ജയിലിലെ 23 തടവുകാര്‍ക്ക് കൊവിഡ്