Connect with us

Articles

കരാറും ഫലസ്തീന്‍ ഐക്യവും

Published

|

Last Updated

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ യു എ ഇയും ബഹ്‌റൈനും കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. പ്രധാന മധ്യസ്ഥ രാജ്യം അമേരിക്ക ആയതിനാല്‍ ഒപ്പിടല്‍ ചടങ്ങ് വൈറ്റ്ഹൗസിലായിരുന്നു. വ്യവസ്ഥകള്‍ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി സാമ്പത്തിക, സാങ്കേതിക സഹകരണത്തിലേക്ക് നീങ്ങുന്നുവെന്നതാണ് പ്രത്യക്ഷത്തില്‍ കാണാവുന്നത്. സൈനിക സഹകരണം ഉണ്ടാകുമെന്നും യു എ ഇയിലും ബഹ്‌റൈനിലും ഇസ്‌റാഈലിന്റെ സൈനിക താവളങ്ങള്‍ വരുമെന്നുമൊക്കെ ചിലര്‍ തട്ടിവിടുന്നുണ്ട്. ജൂതരാഷ്ട്രത്തിന്റെ എല്ലാ നയങ്ങള്‍ക്കും ഈ അറബ് സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകുമെന്നും അഭിമാനം പണയംവെക്കുന്ന പണിയായിപ്പോയി ഇതെന്നും രോഷം കൊള്ളുന്നവരുണ്ട്.

ഇതെല്ലാം അതിവായനകളാണ്. കാലങ്ങളായി തുടരുന്ന സഹകരണം കുറേക്കൂടി വ്യവസ്ഥാപിതമാകുന്നുവെന്നേ കാണേണ്ടതുള്ളൂ. ഈ പരമാധികാര രാജ്യങ്ങള്‍ക്ക് അവരുടെ നിലപാട് നിര്‍ണയിക്കാനുള്ള അവകാശമുണ്ട്. പരസ്പരാശ്രിത ലോകത്ത് ബന്ധവിച്ഛേദങ്ങള്‍ എക്കാലവും തുടരാനാകില്ല. ഈജിപ്തും ജോര്‍ദാനും നേരത്തേ ഇത്തരത്തിലുള്ള കരാറിലെത്തിയിട്ടുണ്ട്. സഊദിയും ഈ ദിശയിലേക്കാണ് നീങ്ങുന്നത്. യാഥാര്‍ഥ്യമായിക്കഴിഞ്ഞ ഈ ചങ്ങാത്തം എന്തിന് ഉപയോഗിക്കപ്പെടുമെന്നതാണ് ചോദ്യം. ഫലസ്തീനിലെ മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന അതിര്‍ത്തിയോടെയുള്ള രാജ്യം സാധ്യമാകുമോ? മേഖലയിലെ വംശീയ വടംവലി അവസാനിക്കുമോ? അതോ, രൂക്ഷമാകുമോ? ഇസ്‌റാഈലിനെ വിശ്വസിക്കാമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് വരും നാളുകളില്‍ ഉത്തരം ലഭിക്കേണ്ടത്.

സ്വാഭാവികമായും ഇറാന്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. മുസ്‌ലിം ലോകത്തെ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ചതിച്ചിരിക്കുന്നു, ഇത് പൊറുക്കാനാകില്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ തുറന്നടിച്ചത്. ഈ സഖ്യം അപകടകരമാണ്. ജൂതരാഷ്ട്രത്തിന്റെ ക്രൂരതകള്‍ക്ക് മുഴുവന്‍ പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. യു എ ഇ ഞങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് ഫലസ്തീന്‍ പ്രതികരിച്ചത്. ഇത്തരം ഒരു കരാറിന് ഒരിക്കലും തയ്യാറാകില്ലെന്ന് ഖത്വര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
ട്രംപിന്റെ മരുമകന്‍ ജയേര്‍ഡ് കുഷ്‌നറാണ് ഈ കരാര്‍ സാധ്യമാകുന്നതിനുള്ള കരുക്കള്‍ നീക്കിയത്. ആള്‍ ജൂതനാണ്, വൈറ്റ്ഹൗസിലെ പ്രധാന ഉപദേഷ്ടാവ്. വിദേശകാര്യ ബന്ധങ്ങളില്‍ ട്രംപ് ഭരണകൂടം എങ്ങോട്ട് ചലിക്കണമെന്ന് നിശ്ചയിക്കുന്നത് ഇദ്ദേഹമാണ്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി കരാറിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന് “പ്രതീക്ഷയോടെ കാത്തിരിക്കൂ” എന്നായിരുന്നു കുഷ്‌നറുടെ മറുപടി.

യു എ ഇ- ഇസ്‌റാഈല്‍ കരാറിന്റെ ഭാവി ഗുണഫലങ്ങള്‍ എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. എന്നാല്‍, ഇതിന്റെ വര്‍ത്തമാന കാല ഗുണഭോക്താക്കള്‍ ആരായിരിക്കുമെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ആദ്യത്തെ ഗുണം കിട്ടാന്‍ പോകുന്നത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തന്നെയാണ്. അദ്ദേഹം അവിടെ കടുത്ത അധികാര പ്രതിസന്ധിയിലാണ്. രാഷ്ട്രീയ എതിരാളികളായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ഭരണം സംരക്ഷിക്കേണ്ട ഗതികേട് ഒരു ഭാഗത്ത്. ആവശ്യത്തിന് അംഗബലമില്ല എന്നത് തന്നെയാണ് പ്രശ്‌നം. കൊവിഡ് വ്യാപനം മറുഭാഗത്ത്. മൂന്ന് അഴിമതിക്കേസുകളിലാണ് അദ്ദേഹം വിചാരണ നേരിടുന്നത്. രാജ്യത്താകെ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. നെതന്യാഹു രാജിവെക്കാതെ തെരുവുകള്‍ അടങ്ങില്ലെന്ന് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ചിട്ടും പിന്‍മാറാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ യു എ ഇയുമായുള്ള കരാര്‍ ആഘോഷിക്കുകയാണ് സര്‍ക്കാര്‍. ഹാരത്സ് അടക്കമുള്ള പത്രങ്ങള്‍ നെതന്യാഹുവിന്റെ വലിയ നേട്ടമായാണ് കരാറിനെ കൊണ്ടാടുന്നത്. ഇത് അദ്ദേഹത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

ഈ കരാറിന്റെ മറ്റൊരു ഗുണഭോക്താവ് ഡൊണാള്‍ഡ് ട്രംപ് ആണ്. നാട്ടിലെ പരാജയങ്ങള്‍ മറച്ചുപിടിക്കാന്‍ വിദേശത്ത് ഒരു വിജയത്തിന് ട്രംപ് വല്ലാതെ കൊതിച്ചിരുന്നു. ഇറാനെതിരെ ഉപരോധം കൊണ്ടുവരാനുള്ള പ്രമേയം യു എന്‍ രക്ഷാസമിതിയില്‍ എട്ട്‌ നിലയിൽ പൊട്ടി. സ്വന്തം അടുപ്പക്കാര്‍ പോലും പിന്തുണച്ചില്ല. ഉത്തര കൊറിയയില്‍ പോയി ചരിത്രം കുറിച്ചെങ്കിലും കിം ജോംഗ് ഉന്‍ എന്ന കിറുക്കനായ പയ്യനെ താന്‍ വിചാരിച്ചിടത്ത് നിര്‍ത്താന്‍ ട്രംപിന് സാധിച്ചിട്ടില്ല. ചൈനയുമായുള്ള വടംവലിയില്‍ ഒരിഞ്ച് മുന്നേറാനായില്ല. അഫ്ഗാനില്‍ താലിബാന് മുന്നില്‍ ഓച്ചാനിച്ച് നിന്നിട്ടും രക്ഷയുണ്ടായില്ല. ഇങ്ങനെ സമ്പൂര്‍ണ പരാജയത്തിന്റെ പ്രതീകമായി നില്‍ക്കുമ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പാണ് യു എ ഇ- ബഹ്‌റൈന്‍- ഇസ്‌റാഈല്‍ കരാര്‍.
ത്രിരാഷ്ട്ര കരാറിന്റെ സത്വര ഫലം എന്താണെന്ന് ചോദിച്ചാല്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ 2017 മുതല്‍ സാധ്യമാകുന്ന ഐക്യപ്പെടല്‍ വേഗത്തിലായി എന്നതാണ് ഏറ്റവും ശരിയായ ഉത്തരം. ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസും വെസ്റ്റ് ബാങ്കിന്റെ അധികാരം കൈയാളുന്ന ഫതഹും ഭിന്നതകള്‍ മറന്ന് കൈകോര്‍ക്കുകയാണ്. സംയുക്ത സുരക്ഷാ ക്രമീകരണങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ജീവനക്കാരെ കൈമാറുന്നതിനും പദ്ധതിയിടുന്നുണ്ട്. അധികാര തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സ്ഥിരം സംവിധാനം വന്നു.

അറബ് രാജ്യങ്ങളുമായി ആഴത്തിലുള്ള ബന്ധം ഉറപ്പിക്കുമ്പോള്‍ ഇസ്‌റാഈല്‍ കൂടുതല്‍ അപകടകാരികളാകുമെന്ന് ഫലസ്തീനിയന്‍ ഗ്രൂപ്പുകള്‍ ആശങ്കപ്പെടുന്നുണ്ട്. ട്രംപ് തോറ്റാലും ജയിച്ചാലും ജൂതരാഷ്ട്രത്തോട് അമേരിക്ക കൂടുതല്‍ അടുക്കുമെന്നും അവര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ നഷ്ടം കനത്തതാകുമെന്നാണ് ഹമാസും ഫതഹും വിലയിരുത്തുന്നത്. ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ നിങ്ങള്‍ വേണ്ടവിധം പിന്തുണക്കാത്തത് എന്തുകൊണ്ടെന്ന് ഏതെങ്കിലുമൊരു അറബ് ഭരണാധികാരിയോട് ചോദിച്ചു നോക്കൂ. അവരുടെ ഉത്തരം “ആദ്യം അവര്‍ ഐക്യപ്പെടട്ടേ” എന്ന ഒറ്റ വരിയായിരിക്കും. ഭിന്നത മറികടക്കണമെന്ന് അന്താരാഷ്ട്ര സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം ഫലസ്തീന്‍ നേതൃത്വത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കിഴക്കന്‍ ജറൂസലമിനെ അമേ
രിക്കയുടെ ആശീര്‍വാദത്തോടെ തലസ്ഥാന
മായി പ്രഖ്യാപിക്കുകയും വെസ്റ്റ് ബേങ്ക് അധിനിവേശം നിര്‍ബാധം നടക്കുകയും ഗാസക്ക് മേല്‍ കൂടുതല്‍ ഉപരോധം അടിച്ചേല്‍പ്പിക്കുകയും ജൂതരാഷ്ട്രത്തോട് അടുക്കാന്‍ കൂടുതൽ പേർ തയ്യാറാകുകയും ചെയ്യുമ്പോള്‍ ഐക്യത്തിലേക്ക് അതിവേഗം ചുവടുവെക്കുകയല്ലാതെ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. ഭാവിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സമാധാന ചര്‍ച്ചകളില്‍ വിലപേശല്‍ ശേഷി ഉറപ്പിക്കാനും ഈ ഐക്യം അനിവാര്യമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest