Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ്: സ്ഥാപന ഉടമയുടെ മകള്‍ റിമാന്‍ഡില്‍

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ഡയറക്ടര്‍ ഡോ. റിയ ആന്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമാണ് റിയാ ആന്‍ തോമസ്. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി എസ് രാജേഷിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് റിയയെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ എത്തിച്ചത്. രാത്രി ഹെല്‍പ് ലൈനില്‍ താമസിപ്പിച്ച ശേഷം പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച് ജില്ലാ പോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കാഞ്ഞങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു റിയ ആന്‍ തോമസ്.

Latest