Connect with us

National

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 25ന് ഭാരത് ബന്ദ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നത്.

കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ചുവെക്കാനും ഏത് വിപണിയിലും വിറ്റഴിക്കാനും അനുമതി നല്‍കുന്നതും വന്‍കിട കമ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരം നല്‍കുന്നതുമായ ബില്ലുകള്‍ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. ഇതിനൊപ്പം അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് നിരവധി ഉത്പന്നങ്ങള്‍ ഒഴിവാക്കുന്ന ബില്ലിനും ലോക്‌സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്ന ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യം. വിഷയത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തിവരികയാണ്.

ലോക്‌സഭ പാസ്സാക്കിയ ബില്ലുകള്‍ രാജ്യസഭ കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമമാകൂ. ബില്ലുകള്‍ രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള ആവശ്യം ഇടതു കക്ഷികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

Latest