സുദർശൻ വ്യാജവാർത്തയും കോടതി വിധിയും

Posted on: September 18, 2020 5:00 am | Last updated: September 18, 2020 at 7:52 am

ജിഹാദ് എന്ന പദം ദുരുപയോഗം ചെയ്ത് മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കലും അപകീര്‍ത്തിപ്പെടുത്തലും സംഘ്പരിവാര്‍ ശൈലിയാണ്. ഏറെ വിവാദം സൃഷ്ടിച്ച “ലൗ ജിഹാദ്’ കെട്ടുകഥയുടെ ആസൂത്രകര്‍ സംഘ്പരിവാര്‍ സൈബര്‍ സെല്ലായിരുന്നുവല്ലോ. പിന്നീട് റോമിയോ ജിഹാദ്, കൊറോണ ജിഹാദ് എന്നിങ്ങനെ നിരവധി ജിഹാദ് ആരോപണങ്ങള്‍ വന്നു. ഇവരുടെ പുതിയൊരു ആരോപണമാണ് യു പി എസ് സി ജിഹാദ്. സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്റേതാണ് ഈ സൃഷ്ടി. സിവില്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യം കൂടുന്നുവെന്നും അത് ഗുഢാലോചനയാണെന്നും ആരോപിച്ച് “ബിന്‍ന്ദാസ് ബോല്‍’ എന്ന പേരില്‍ ഒരു വാര്‍ത്താധിഷ്ഠിത പരിപാടി തന്നെ ആരംഭിക്കുകയുണ്ടായി ചാനല്‍. സിവില്‍ സര്‍വീസുകളിലേക്കുള്ള മുസ്‌ലിംകളുടെ നുഴഞ്ഞുകയറ്റമെന്നാണ് ചാനല്‍ ഇതിനെ വിശേഷിപ്പിച്ചത്. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ സെന്റര്‍ ഫോര്‍ കോച്ചിംഗ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് (ആര്‍ സി എ)യില്‍ പഠിച്ച 30 വിദ്യാര്‍ഥികള്‍ ഐ എ എസിന് യോഗ്യത നേടിയത് ചൂണ്ടിക്കാട്ടി ഇതിനെ “ജാമിഅ ജിഹാദ്’ എന്നും വിശേഷിപ്പിക്കുന്നുണ്ട് സുദര്‍ശന്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചൗഹാന്‍കെ.

തികച്ചും അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് “ബിന്‍ന്ദാസ് ബോലി’ന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുകയാണെന്ന ചാനലിന്റെ വാദവും അവരെ ഗൂഢാലോചകരായി മുദ്രകുത്താനുള്ള ശ്രമത്തെയും വഞ്ചനാപരമായ നടപടിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. മുസ്‌ലിം വിഭാഗത്തിനെതിരെ പൊതുസമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുകയും മോശക്കാരായി ചിത്രീകരിക്കുകയുമാണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് വിലയിരുത്തി. ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യ സമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടെയും സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കേന്ദ്രമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തെയും കോടതി വെറുപ്പോടെയാണ് കാണുന്നതെന്നും വിധിയില്‍ പറയുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്. ഒരു സമുദായത്തെയോ വ്യക്തിയെയോ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വലുതാണ്. റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ സംപ്രേഷണം ചെയ്യരുത്. ഇത് സെന്‍സേഷനലിസത്തിലേക്കാണ് നയിക്കുന്നത്. മാധ്യമങ്ങള്‍ ഇത്തരം അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് ആശങ്കാജനകമാണ്. ഈ പരിപാടിയിലേക്ക് നോക്കൂ, എത്ര ക്രൂരമാണിത്. ഒരു സമുദായം സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കുന്നത്- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

രാജ്യത്തെ ഭരണകാര്യ നിര്‍വഹണത്തിന് യോഗ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് സിവില്‍ സര്‍വീസ് പരീക്ഷ. യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെ ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ് തുടങ്ങിയ പോസ്റ്റുകളിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. കേന്ദ്ര, സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്ക് ഭരണകാര്യ നിര്‍വഹണത്തില്‍ ദിശാബോധം നല്‍കുന്നത് ഈ ഉദ്യോഗസ്ഥ വിഭാഗമാണ്. വികസന, ക്ഷേമ കാര്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിലും വിലയിരുത്തുന്നതിലും ഇവര്‍ മുഖ്യപങ്ക് വഹിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഈ മേഖലയുടെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തതു കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷകളിലും വിജയികളിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. ജനസംഖ്യയില്‍ പതിനഞ്ച് ശതമാനത്തോളം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് സിവില്‍ സര്‍വീസ് രംഗത്തെ പ്രാതിനിധ്യം വെറും 2.5 ശതമാനമായിരുന്നു സമീപ കാലം വരെ.

ALSO READ  മലയാള നാടിന് അപമാനം

2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, അടുത്ത കാലത്താണ് മുസ്‌ലിം സമൂഹം ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങിയത്. ഇതിന്റെ ഫലമായി ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കീഴില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഈ രംഗത്ത് അല്‍പ്പം പുരോഗതി പ്രകടമാകുകയും ചെയ്തു. 2016, 2017, 2019 വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളില്‍ മുസ്‌ലിം പ്രാതിനിധ്യം അഞ്ച് ശതമാനത്തിന് മുകളിലാണ്. 2019ലെ സിവില്‍ സര്‍വീസസ് നിയമനങ്ങള്‍ക്കായി ശിപാര്‍ശ ചെയ്ത ആകെ 829 പേരില്‍ 42 പേര്‍ മുസ്‌ലിംകളാണ്. 2016, 2017 വര്‍ഷങ്ങളില്‍ 50 പേര്‍ വീതം റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. 2018ലെ മുസ്‌ലിം പ്രാതിനിധ്യം നാല് ശതമാനമാണ്.
ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഗ്രാഫ് ഇപ്പോഴും വളരെ താഴെയാണെങ്കിലും തങ്ങള്‍ കുത്തകയാക്കി വെച്ച ഭരണകാര്യ നിര്‍വഹണ രംഗത്ത് മുസ്‌ലിംകളുടെ എണ്ണം അല്‍പ്പാല്‍പ്പം കൂടിവരുന്നത് ഹിന്ദുത്വ സവര്‍ണ വിഭാഗം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ആ ഭീതിയാണ് സുദര്‍ശന്‍ ചാനലിന്റെ “ബിന്‍ന്ദാസ് ബോല്‍’ പരിപാടിയിലൂടെ പ്രകടമായത്. മുസ്‌ലിംകള്‍ എക്കാലത്തും റിക്ഷാവലിക്കാരും വിറകു വെട്ടുകാരും കൂലിപ്പണിക്കാരുമായി കഴിയണമെന്നും സര്‍ക്കാര്‍ ജോലികള്‍ വിശിഷ്യാ ഉയര്‍ന്ന തസ്തികകള്‍ സവര്‍ണ ഹിന്ദുത്വരില്‍ നിക്ഷിപ്തമാകണമെന്നും ആഗ്രഹിക്കുന്നവരാണ് സുരേഷ് ചൗഹാന്‍കെ, അര്‍ണബ് ഗോസ്വാമി പോലെയുള്ളവര്‍.
ഏറെക്കുറെ കുറ്റമറ്റ രീതിയിലും കാര്യക്ഷമമായും നടക്കുന്ന പരീക്ഷയാണ് യു പി എസ് സി. സ്വാധീനത്തിലുടെയോ വ്യാജ മാര്‍ഗേണയോ അനര്‍ഹര്‍ക്ക് വിജയികളുടെ പട്ടികയില്‍ കടന്നുകയറാന്‍ പ്രയാസമാണ് ഈ മേഖലയില്‍. എന്നിട്ടും മുസ്‌ലിംകള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുന്നുവെന്ന് ചാനല്‍ ആരോപിക്കുമ്പോള്‍ അത് യു പി എസ് സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.