വ്യാജ വാര്‍ത്തകള്‍ സമൂഹത്തെയാകെ ബാധിക്കുന്ന വിപത്ത്; നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കലായി കാണരുതെന്ന് മുഖ്യമന്ത്രി

Posted on: September 17, 2020 8:38 pm | Last updated: September 18, 2020 at 6:58 am

തിരുവനന്തപുരം | വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക സംവിധാനം പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത് ചിലരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഇത് പ്രത്യേകമായി ആരെയെങ്കിലും ഉദ്ദേശിച്ചുള്ള നീക്കമെന്ന രീതിയില്‍ കാണരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ തടയണമെന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. 2017ല്‍ കോളിന്‍സ് ഡിക്ഷണറി ലെക്‌സിക്കോഗ്രാഫര്‍മാര്‍ തിരഞ്ഞെടുത്ത വേഡ് ഓഫ് ഇയര്‍ ആയിരുന്നു ‘ഫേക്ക് ന്യൂസ്’. 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും, തുടര്‍ന്നിങ്ങോട്ടുള്ള എത്രയോ തിരഞ്ഞെടുപ്പുകളിലും വ്യാജ വാര്‍ത്തകള്‍ ജനങ്ങളെ ദുസ്സ്വാധീനിക്കുന്നതിന്റെ തെളിവുകളും പഠനങ്ങളും നിരവധിയായി പുറത്തു വന്നിട്ടുണ്ട്. ഇത് കാണിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാറിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ് എന്നതാണ്. വ്യാജ വാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ തന്നെ അപകടപ്പെടുത്തുന്ന ഒന്നാണ്.

തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന പ്രവണത പണ്ടും ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും ചിലപ്പോള്‍ സര്‍ക്കുലേഷന്‍ വര്‍ധനക്കു വേണ്ടിയുമൊക്കെ പരിണിതപ്രജ്ഞരെന്നു നാം കരുതുന്ന പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചാരക്കേസിന്റെ നാള്‍വഴി നോക്കിയാല്‍ അറിയാം, അത് ഒരേസമയം പല ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ചിലര്‍ നടപ്പാക്കിയ ഗൂഢപദ്ധതിയായിരുന്നു എന്ന്. അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പകരം ആവില്ലെങ്കിലും കോടതി പറഞ്ഞ പ്രകാരം, ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഒരു വലിയ അനീതിക്ക് പരിഹാരം കണ്ടത്.

മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കാന്‍ പോകുന്നില്ല. തെറ്റുപറ്റിയാല്‍ തിരുത്തണം. അതില്‍ വിമുഖത പാടില്ല. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്താനോ, തെറ്റായ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാര്‍ത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല എന്നതാണ് പൊതു അനുഭവം.

ഒരു മാധ്യമത്തിന്റെ ഏകപക്ഷീയമായ വേട്ടയാടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു അമ്മയ്ക്കും മകനും ജീവന്‍ നഷ്ടപ്പെട്ടത് ആരും മറന്നു കാണില്ല. 70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്റെ പേരില്‍ കുട്ടനാട്ടിലെ ഓമനക്കുട്ടന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണ നമ്മുടെ മുന്നില്‍ ഉണ്ട്. ആ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വന്നതും മാധ്യമങ്ങള്‍ തന്നെ. ഒട്ടുമിക്ക മാധ്യമങ്ങളും തുടര്‍ന്ന് ആ വാര്‍ത്ത തിരുത്തി, അദ്ദേഹത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയും കൊടുത്തു. ഒരു കൂട്ടര്‍ അത് തിരുത്താന്‍ തയ്യാറായില്ല.

ഈ ഘട്ടത്തില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ആളുകളുടെ വീടുകള്‍ അക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായില്ലേ? വ്യാജ വാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ അവയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യരുത് എന്ന സമീപനം സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്ക് എടുക്കാന്‍ സാധിക്കും? ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് മാധ്യമ നൈതികയും ധാര്‍മിക നിലപാടും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളില്‍ പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പാണ്. അതിനായി അഭ്യര്‍ഥി
ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.