Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍ വോട്ട്; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും .കൊവിഡ് രോഗികള്‍ക്ക് പ്രോക്‌സി വോട്ട് നടപ്പാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രോക്‌സി വോട്ടിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് തപാല്‍ വോട്ട് മതിയെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കിടപ്പു രോഗികള്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യന്നതിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തും.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.

അതേ സമയം യുഡിഎഫ് തപാല്‍ വോട്ടിനെയും എതിര്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ഇക്കാര്യം അറിയിക്കും.നിശ്ചിത ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് ശേഷം രോഗം വരുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

---- facebook comment plugin here -----

Latest