Connect with us

National

ചോദ്യം ചോദിക്കാന്‍ പോലും പറ്റാത്ത പ്രത്യേക പാര്‍ലിമെന്ററി ജനാധിപത്യമായി ഇന്ത്യ മാറി: പി ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിനുണ്ടായ അപചയം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ചോദ്യങ്ങള്‍ ചോദിക്കാനോ, ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലിമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞെന്ന് ചിദംബരം പറഞ്ഞു. പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്ത വിഷയത്തിലായിരുന്നു ചിദംബരത്തിന്റെ ഈ പ്രതികരണം

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ലോക്‌സഭയില്‍ വിശദീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസിനെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേയും ചിദംബരം വിമര്‍ശിച്ചു.
നാട്ടിലേക്ക് മടങ്ങിവരും വഴിയോ, വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരു പ്രത്യേകതരം രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest