ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത് അപലപനീയം; കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണം: പി ബി

Posted on: September 15, 2020 9:53 pm | Last updated: September 16, 2020 at 8:06 am

ന്യൂഡല്‍ഹി | യുഎപിഎ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റിലാക്കിയ എല്ലാവരെയും വിട്ടയക്കണം. കലാപത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു.

ജെഎന്‍യു വിദ്യാര്‍ഥിനികളായ നടാഷ നര്‍വാള്‍, ദേവാംഗനാ കാലിത, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇഷ്രത് ജഹാന്‍, ജാമിയ വിദ്യാര്‍ഥിയും ആര്‍ജെഡി യുവനേതാവുമായ മീരാന്‍ ഹൈദര്‍, ജാമിയ വിദ്യാര്‍ഥികളായ ആസിഫ് തന്‍ഹ, സഫൂര സഗള്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫുരുള്‍ റഹ്മാന്‍ എന്നിവരെ യുഎപിഎ ചുമത്തി തടവിലാക്കിയതിനു പിന്നാലെയാണ് ഉമറിനെതിരായ നടപടി ഉണ്ടായത്.
വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരായി സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ കലാപവുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെയും ഡല്‍ഹി പൊലീസിന്റെയും കല്പിത കഥകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍.

ക്രൈംബ്രാഞ്ചിനെക്കൊണ്ട് പൗരത്വ നിയമവിരുദ്ധ പ്രതിഷേധക്കാരെ വിളിച്ചുവരുത്തിയശേഷം ആഭ്യന്തരമന്ത്രാലയവും ഡല്‍ഹി പോലീസും ലക്ഷ്യമിടുന്നവരുടെ പേരുകള്‍ പറയിക്കുന്ന രീതി കേന്ദ്രം അവസാനിപ്പിക്കണം.ജാമ്യം കിട്ടുന്നതിനുള്ള സാധ്യത ഇല്ലാതാക്കാനാണ് യുഎപിഎ ചുമത്തുന്നത്. ആരോപണവിധേയര്‍ക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന് പല കീഴ്കോടതികളും നിരീക്ഷിച്ചു. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ഇതിനെതിരായ കടന്നാക്രമണമാണ് അറസ്റ്റുകളെന്നും പിബി വ്യക്തമാക്കി