സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു; ചിന്തിക്കേണ്ടത് ഇത്തരമൊരാളെ അധ്യക്ഷനാക്കിയ പാര്‍ട്ടി: പിണറായി

Posted on: September 15, 2020 8:06 pm | Last updated: September 15, 2020 at 9:42 pm

തിരുവനന്തപുരം | തന്നെയും കുടുംബത്തെയും അഴിമതിക്കാരായി ചിത്രീകരിക്കുന്ന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന് രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു, അത് വിളിച്ചുപറയുന്നു എന്നതാണ് അവസ്ഥ. എന്തടിസ്ഥാനമാണ് സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കുള്ളത്. അങ്ങനെയൊരാളെ അധ്യക്ഷനാക്കിയ ആ പാര്‍ട്ടി തന്നെയാണ് അതിനു മറുപടി പറയേണ്ടത്. അവരാണ് ചിന്തിക്കേണ്ടത്, ഞാനല്ല. സുരേന്ദ്രനോട് പറയാനുള്ളത് പിന്നാലെ പറയാമെന്നും സുരേന്ദ്രനല്ല പിണറായി വിജയനെന്ന് ഓര്‍ത്തോളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയും മകളും അഴിമതി നടത്തിയതായി ആരോപിച്ചു കൊണ്ടുള്ള കെ സുരേന്ദ്രന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അഴിമതിക്കെതിരെ നിന്നവരാണ്. ആ ശീലത്തിലാണ് വളര്‍ന്നിട്ടുള്ളത്. അതുകൊണ്ടാണ് തല ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ ആരോപണങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ലെന്നും സമൂഹത്തിന് എല്ലാ കാര്യവും മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.