Connect with us

Fact Check

FACT CHECK: വ്യാജ വാദങ്ങളുമായി യു പി എസ് സി ജിഹാദ് എപിസോഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ വെള്ളിയാഴ്ച സുദര്‍ശന്‍ ന്യൂസ് എന്ന ചാനല്‍ സംപ്രേഷണം ചെയ്ത യു പി എസ് സി ജിഹാദ് എപിസോഡില്‍ നിറയെ വ്യാജവാദങ്ങള്‍. എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെയാണ് “യു പി എസ് സി ജിഹാദ് പര്‍ അബ് തക് കാ സബ്‌സെ ബഡാ ഖുലാസ (യു പി എസ് സി ജിഹാദിലെ എക്കാലത്തെയും വലിയ വെളിപ്പെടുത്തല്‍)” എന്ന പേരിലായിരുന്നു എപിസോഡ്.

മുസ്ലിം സമുദായത്തിന് അനുകൂലമാകുന്ന തരത്തില്‍ എങ്ങനെ പൊതു പരീക്ഷകള്‍ ക്രമീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാണ് പരിപാടിയിലുണ്ടായിരുന്നത്. നേരത്തേ ചാനലിന് വിവര- പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. എല്ലാ ടി വി ചാനലുകളും പാലിക്കുന്ന ചട്ടം ലംഘിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിന്റെ പേരില്‍ പിന്നീട് അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപിസോഡ് മുഴുക്കെ വ്യാജ അവകാശവാദങ്ങളായിരുന്നു. ഉയര്‍ന്ന പ്രായപരിധിയില്‍ മുസ്ലിം ഒ ബി സി വിഭാഗത്തിന് മൂന്ന് വര്‍ഷത്തെ ആനുകൂല്യം ലഭിക്കുമെന്നാണ് ചവാങ്കെ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് ഒ ബി സി മുസ്ലിം വിഭാഗത്തിന് മാത്രമുള്ളതല്ല. ഒ ബി സി വിഭാഗത്തിലെ മുസ്ലിമിതര സമൂഹങ്ങള്‍ക്കുമുള്ള ആനുകൂല്യമാണ്. മുസ്ലിമിതര ന്യൂനപക്ഷങ്ങളും ഹിന്ദുവിഭാഗത്തിലെ പിന്നാക്കക്കാരും ഒ ബി സിയിലുണ്ട്. അതേസമയം, എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ആനുകൂല്യമാണുള്ളത്.

മുസ്ലിംകള്‍ക്ക് ഒമ്പത് തവണ വരെ പരീക്ഷയെഴുതാം പൊതുവിഭാഗങ്ങളിലുള്ളവര്‍ക്ക് ആറ് വരെ മാത്രമാണെന്നും ചവാങ്കെ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, സമുദായ വ്യത്യാസമില്ലാതെ ചില വിഭാഗങ്ങള്‍ക്കാണ് ഒമ്പത് തവണ പരീക്ഷയെഴുതാന്‍ അവസരമുള്ളത്. ഒ ബി സി വിഭാഗത്തിനുള്ള ആനുകൂല്യങ്ങളെ മുസ്ലിംകൾക്ക് മാത്രമുള്ളതാണെന്ന് ദുർവ്യാഖ്യാനം ചെയ്താണ് ചവാങ്കെയുടെ പരിപാടിയുടനീളം.