എം സി ഖമറുദ്ദീനെതിരെ അമ്പതോളം പരാതികള്‍; പയ്യന്നൂരില്‍ ഇന്ന്  മൂന്ന് കേസ്‌

Posted on: September 14, 2020 7:35 pm | Last updated: September 14, 2020 at 9:41 pm

കാസര്‍കോട്‌ | ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എക്കെതിരെ കാസര്‍കോട് ജില്ലക്ക് പുറത്തും പരാതികള്‍. ജ്വല്ലറില്‍ സ്വര്‍ണം നിക്ഷേപിച്ചതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് കണ്ണൂരിലെ പയ്യന്നൂരില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഖമറുദ്ദീന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍ പണം നിക്ഷേപിച്ചവരാണ് പരാതി നല്‍കിയത്. മാട്ടൂല്‍ ഹഫ്സ് മന്‍സിലില്‍ നൂര്‍ജഹാന്‍, മാട്ടൂല്‍ നൗഷാദ് മന്‍സിലില്‍ ആയിഷ അബ്ദുള്‍ ജലീല്‍, ഇരിണാവ് മടക്കര കീറ്റുകണ്ടി ഹൗസില്‍ ബുഷ്റ നൗഷാദ് എന്നിവരാണ് പരാതിക്കാര്‍. ഇതോടെ ഖമറുദ്ദീനെതിരായ പരാതികള്‍ അമ്പതിനടുത്തായി.

2017 ആഗസ്റ്റില്‍ നൂര്‍ജഹാനില്‍ നിന്ന് 21 പവനും 2017 ജൂലൈ 18ന് ആയിഷ അബ്ദുള്‍ ജലീലില്‍ നിന്ന് 20.5 പവനും 2018 ജൂണ്‍ 10ന് ബുഷ്റ നൗഷാദില്‍ നിന്ന് 20 പവനും നിക്ഷേപമായി സ്വീകരിച്ചിരുന്നുവെന്നാണ് പരാതി.
അതിനിടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ കാസര്‍കോട് എത്തും. നിഷേപകരില്‍ നാളെ മുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.