Connect with us

Covid19

ഒരു കുറ്റവും ചെയ്യാത്ത ജലീല്‍ രാജിവെക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി കെ ടി ജലീലിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തെ്റ്റും ജലീല്‍ ചെയ്തിട്ടില്ല. അതിനാല്‍ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ല. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ടാണ്. റമസാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല. ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അതെങ്ങനെ കുറ്റമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിക്കെതിരെ ഒട്ടേറെ പരാതികള്‍ അന്വേഷണ ഏജന്‍സിക്ക് പോയിരുന്നു. ഖുര്‍ആനുമായി ബന്ധപ്പെട്ടായിരുന്നു പരാതികള്‍. സാധാരണ ഗതിയില്‍ അത് വിവാദമാകേണ്ടതില്ല. യു എ ഇ കോണ്‍സുലേറ്റ് വഴിയാണ് ഖുര്‍ആന്‍ എത്തിയത്. ഇക്കാര്യത്തില്‍ ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ചോദിച്ചുവെന്നാണ് അറിയുന്നത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങളില്ല.
ജലീല്‍ നാട്ടിലെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. സാധാരണ ഗതിയില്‍ ഇത്തരമൊരു കാര്യത്തില്‍ ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന ഒരു കാര്യം നടന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂ.

ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നു. ജലീലിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാരിപ്പള്ളിയില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ആഭാസമാണ്. ഇ പി ജയരാജന്റെ കുടുംബത്തിനെതിരായ ആക്ഷേപത്തെയും മുഖ്യമന്ത്രി പൂര്‍ണമായി തള്ളിക്കളഞ്ഞു. ജയരാജന്റെ ഭാര്യ ലോക്കറില്‍നിന്ന് എടുത്തതില്‍ ഒരു പവന്‍ സ്വര്‍ണം തൂക്കിനോക്കിയെന്നാണ് പറയുന്നത്. ഇവരുടെ മകന്‍ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് ബേങ്കിലെത്തിയതെന്നും ലോക്കര്‍ തുറന്നതെന്നുമാണ് ആരോപണം. അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താനും സര്‍ക്കാറിനെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമാണിത്.

ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പരാതികള്‍ നല്‍കുന്നത് മുമ്പും പതിവുള്ള കാര്യമാണ്. നേരത്തെ തനിക്കെതിരെ ഉന്നയിച്ച വ്യാജ പരാതികളും മുഖ്യമന്ത്രി സൂചിപ്പിച്ചു. തനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. അക്കാലത്ത് 1996ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നു. ഞാനായിരിക്കും വൈദ്യുതമന്ത്രിയാകുന്നതെന്ന് കണക്കാക്കുകയും എന്നെ സ്വാധീനിക്കാന്‍ വേണ്ടി രണ്ടുകോടി എന്റെ കൈയ്യില്‍ കൊണ്ടുവന്നു തന്നു എന്നുമായിരുന്നുപരാതി. സി ബി ഐക്കാണ് പരാതി നല്‍കിയത്. സ്വാഭാവികമായും അവര്‍ അന്വേഷിക്കാന്‍ വിളിക്കുമല്ലോ. പരാതി കളവാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും എന്താണ് കാര്യമെന്നറിയാന്‍ വിളിപ്പിച്ചെന്നു മാത്രമേയുള്ളൂ എന്നുമാണ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ പല കേന്ദ്രങ്ങളിലും നടക്കും. അവര്‍ എല്ലാ കാലത്തും അത് ചെയ്തുകൊണ്ടിരിക്കും. അതൊക്കെ മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest