ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയില്‍പ്പെട്ടു; രണ്ടര വയസ്സുകാരനെ രക്ഷിക്കാനായില്ല

Posted on: September 14, 2020 12:11 pm | Last updated: September 14, 2020 at 12:11 pm

ആലപ്പുഴ | ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുകയായിരുന്ന അമ്മയും മക്കളും തിരയില്‍പ്പെട്ടു. രണ്ടര വയസ്സുകാരനെ കടലില്‍ കാണാതായി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെയാണ് സംഭവം. തൃശൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം ഇന്ദിരാ ജംഗ്ഷനില്‍ വാടകക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടില്‍ പോയ ശേഷമാണ് ബീച്ചിലെത്തിയത്. രണ്ടു മക്കളും സഹോദരന്റെ മകനുമാണ് അനിതയോടൊപ്പം ഉണ്ടായിരുന്നത്. മറ്റു കുട്ടികള്‍ ഏഴും എട്ടും വയസ്സുള്ളവരാണ്.

ബിനുവുമൊത്താണ് ഇവര്‍ ബീച്ചിലേക്ക് വന്നത്. ബിനു വാഹനം റോഡില്‍ നിന്ന് മാറ്റിയിടാന്‍ പോയ സമയത്താണ് അനിതയും കുട്ടികളും തിരയില്‍ പെട്ടത്. ഇതുകണ്ട് തിരികെയെത്തിയ ബിനു എല്ലാവരെയും കരയിലേക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും ആദികൃഷ്ണയെ രക്ഷിക്കാനായില്ല. ഇവരുടെ ഫോണ്‍, കാറിന്റെ താക്കോല്‍ എന്നിവയും കടലില്‍ നഷ്ടപ്പെട്ടു. പ്രതികൂല കാലാവസ്ഥ കാരണം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബീച്ചിലേക്കുള്ള പ്രവേശനം ദിവസങ്ങളായി പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാല്‍ ഇ എസ് ഐ ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്തു കൂടിയാണ് കുടുംബം ബീച്ചിലേക്കെത്തിയത്.