രാജ്യത്താകെ ഇന്ന് നീറ്റ് പരീക്ഷയെഴുതിയത് 15 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍; കേരളത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍

Posted on: September 13, 2020 8:32 pm | Last updated: September 14, 2020 at 8:41 am

ന്യൂഡല്‍ഹി | മെഡിക്കല്‍ പ്രവേശനത്തിനായി രാജ്യത്താകെ ഇന്ന് നടത്തിയ നീറ്റ് പരീക്ഷയെഴുതിയത് 15 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍. കേരളത്തില്‍ ഒരു ലക്ഷത്തിലധികം പേരാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും സുരക്ഷാ മുന്‍കരുതലുകളോടുമായിരുന്നു പരീക്ഷാ നടത്തിപ്പ്.

കൊവിഡ് വ്യാപനത്തിനിടെ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാജ്യമൊട്ടാകെ നീറ്റ് പരീക്ഷ നടന്നത്. രാജ്യത്താകെ 15.93 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. കേരളത്തില്‍ മാത്രം 1.16 ലക്ഷം കുട്ടികളാണ് പ്രവേശന പരീക്ഷ എഴുതിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ 74,000 വിദ്യാര്‍ത്ഥികള്‍ അധികമായി പരീക്ഷ എഴുതി. മെഡിക്കല്‍ സീറ്റുകളുടെ എണ്ണത്തില്‍ ഇക്കുറി 13.7ശതമാനം വര്‍ധനവുണ്ട്. കഴിഞ്ഞ തവണ 2,546 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത് ഇക്കുറി 3,843 ആയി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ 322 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. 2 മണി മുതല്‍ ആരംഭിച്ച പരീക്ഷക്കായി 11 മണി മുതല്‍ ബാച്ചുകളായി തിരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കേരളം ആറാം സ്ഥാനത്താണ്.