കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല: കെ ടി ജലീല്‍

Posted on: September 13, 2020 11:29 am | Last updated: September 13, 2020 at 6:10 pm

മലപ്പുറം | കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് മന്ത്രി കെ ടി ജലീല്‍. മറച്ചുവെക്കേണ്ടത് മറച്ചുവച്ചും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി മറച്ചുവക്കുന്നുവെന്ന ആരോപണത്തോടുള്ള പ്രതികരണമായാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.

ജലീലിന്റെ എ ഫ് ബി പോസ്റ്റിന്റെ വിശദ രൂപം:
കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.