കെ ടി ജലീലിന്റെ ചട്ടലംഘനം സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം: ഷാഫി പറമ്പില്‍

Posted on: September 12, 2020 12:56 pm | Last updated: September 12, 2020 at 6:19 pm

പാലക്കാട് | മന്ത്രി കെ ടി ജലീല്‍ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്. അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തില്‍ പങ്ക് ഉണ്ടെന്നും ഷാഫി പറമ്പില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ചരിത്രത്തില്‍ ഇല്ലാത്ത അധഃപതനം ആണ് പിണറായി മന്ത്രിസഭക്ക് സംഭവിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഇ പി ജയരാജന്‍ എന്നിവര്‍ക്കില്ലത്ത എന്ത് പ്രത്യേകത ആണ് ജലീലിനുള്ളത്. ധാര്‍മികതയുടെ വാള്‍ മുഖ്യമന്ത്രി കുഴിച്ചുമൂടി. ജലീലിന് മാത്രം മുഖ്യമന്ത്രി അനര്‍ഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിനാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. മന്ത്രി പുറത്തുവിട്ട രേഖകള്‍, വിശദീകരണങ്ങള്‍ എന്നിവയെല്ലാം ചട്ടലംഘനത്തിനുള്ള തെളിവുകളാണ് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു