ജനശതാബ്ദി, വേണാട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കില്ല

Posted on: September 12, 2020 12:20 am | Last updated: September 12, 2020 at 12:20 am

പാലക്കാട് | കേരളത്തില്‍ ഓടുന്ന ജനശതാബ്ദി പ്രത്യേക സര്‍വീസുകളും വേണാട് സ്പെഷ്യല്‍ എക്സ്പ്രസും റദ്ദാക്കില്ലെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്,
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് ട്രെയിനുകള്‍ സര്‍വീസ് തുടരും. ട്രെയിനുകള്‍ റദ്ദാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഓടുന്ന എല്ലാ ട്രെയിനുകളും സര്‍വീസ് തുടരുമെന്നും പാലക്കാട് റെയില്‍വേ ഡിവിഷന്‍ പി ആര്‍ ഒ. ഗോപിനാഥ് അറിയിച്ചു. യാത്രക്കാര്‍ കുറവാണെന്നതിന്റെ പേരില്‍ ശനിയാഴ്ച മുതല്‍ മൂന്ന് ട്രെയിനുകളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം.

എന്നാല്‍, ട്രെയിനുകള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഹൈബി ഈഡന്‍ എം പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായ ഈ പ്രതിസന്ധി കാലത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് മന്ത്രി സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകള്‍ ഓടിക്കണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചിരുന്നു.