Connect with us

Kerala

അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു  സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും  അവിടെനിന്ന് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി അഗ്നിവേശ് കാർഷികരംഗത്തെ അടിമപ്പണിക്കെതിരായ പോരാട്ടത്തിലൂടെ  ദേശീയതലത്തിൽ ശ്രദ്ധേയനായി. സതി അടക്കമുള്ള അനാചാരങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ വിവേചനങ്ങൾക്കെതിരെയും തെരുവിലിറങ്ങി പോരാടിയ സമരോത്സുക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
അടിച്ചമർത്തപ്പെട്ടവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകൾ നീക്കാനും അവരെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ഉയർത്താനും ത്യാഗപൂർണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.  മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്.  പൂർണ കാഷായ വസ്ത്രധാരിയായ സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനങ്ങളിൽ വരെ അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി  അദ്ദേഹം ശബ്ദമുയർത്തി.
ആത്മീയതയെ സാമൂഹ്യ ശാസ്ത്ര പരമായി നിർവചിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.  ഇന്ത്യൻ സംസ്കൃതി വർഗീയ വ്യാഖ്യാനങ്ങളാൽ  വക്രീകരിക്കപ്പെടുന്നതിനെതിരായ ഉറച്ച നിലപാടുകൾ കൊണ്ട് ആ പുസ്തകങ്ങൾ ശ്രദ്ധേയമായി.  ഇന്ത്യൻ മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ നവോത്ഥാന സംരംഭങ്ങൾക്കും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ് സ്വാമി അഗ്നിവേശിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.