Connect with us

National

അതിര്‍ത്തി സംഘര്‍ഷം കുറക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില്‍ അഞ്ച് ധാരണ

Published

|

Last Updated

മോസ്‌കോ |  കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ധാരണ. ഇതിനായി അഞ്ച് ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ തുടരും. രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ കരാറുകളും കീഴ്വഴക്കങ്ങളും പാലിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അതിര്‍ത്തിയില്‍ വര്‍ധിപ്പിച്ച സേന പിന്‍മാറ്റം തുടങ്ങിയവയിലാണ് ധാരണ. പിന്‍മാറ്റം തുടങ്ങിയവ പാലിക്കാനാണ് തീരുമാനമെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി മോസ്‌ക്കോയില്‍ ഷാംഗ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെയാണ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. ചര്‍ച്ചയില്‍, അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചു.

ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ ധാരണയായിട്ടുണ്ട്.