Connect with us

Kerala

ഖമറുദ്ദീനുമായി കൂടിക്കാഴ്ചയില്ല; ലീഗിന്റെ നടപടി വൈകീട്ട്

Published

|

Last Updated

മലപ്പുറം | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിഷയത്തില്‍ ആരോപണവിധേയനായ മഞ്ചേശ്വരം എം എല്‍ എ.  എം സി ഖമറുദ്ദീനുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി മുസ്ലിം ലീഗ്. സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കാൻ ഖമറുദ്ദീനെ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഫോണിലൂടെ വിശദീകരണം കേട്ട ശേഷം മടക്കി അയക്കുകയായിരുന്നു. കാസർകോട്ടെ ജില്ലാ നേതാക്കൾ, പാണാക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തുടർനടപടി വൈകീട്ട് അറിയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ  നിരവധി പരാതികൾ അണികൾക്കിടയിൽ നിന്ന് പോലും ഉയരുന്ന സാഹചര്യത്തിലായിരുന്നു  ഖമറുദ്ദീനെ വിശദീകരണം നൽകാൻ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. ലീഗ് ഓഫീസിൽ ഹൈദരലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കൾക്കൊപ്പം കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഖമറുദ്ദീനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാസർകോട്ട് നിന്ന് പാണക്കാടെത്തിയതോടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള വഴികളെല്ലാം അടഞ്ഞു. തുടർന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട ഖമറുദ്ദീനെ നേരിൽ കാണാതെ ഫോണിലൂടെ വിശദീകരണം തേടി മടക്കി അയക്കുകയായിരുന്നു.

ലീഗിനെയും യു ഡി എഫിനെയും ഒരു പോലെ പ്രതിരോധത്തിലേക്കുന്ന സാഹചര്യമായതിനാൽ സംസ്ഥാന സമിതി അംഗമായ ഖമറുദ്ദീനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ലീഗ് നേതൃത്വം വളരെ ഗൗരവമായാണ് കാണുന്നത്.  നിക്ഷേപം നടത്തിയവരിൽ ലീഗ് പ്രവർത്തകരും ഉണ്ടായിരുന്നു. രാഷ്ട്രീയ, സാമുദായിക സ്വാധീനം ഉപയോഗപ്പെടുത്തി വഞ്ചിച്ചുവെന്നതാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി. ഖമറുദ്ദീനെതിരെ ശക്തമായ നടപടികൾ വേണമെന്ന് തന്നെയാണ് കാസർകോട് ജില്ലയിൽ നിന്നുള്ള നേതാക്കൾക്കിടയിലുള്ളത്. എന്നാൽ താൻ ഒരു തട്ടിപ്പും നടത്തിയിട്ടില്ലെന്നും നടക്കുന്നത് രാഷ്ട്രീയ പ്രചാരണമാണെന്ന കാര്യത്തിൽ ഖമറുദ്ദീൻ ഉറച്ചു നിന്നതോടെ  ലീഗ് നേതൃത്വത്തിനിടയിൽ ഭിന്നത ഉണ്ട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ രാജിക്ക് നേതൃത്വത്തിനിടയിൽ നിന്നു തന്നെ സമ്മർദം ഏറിയിരുന്നു.

മുൻ എം എൽ എ പി അബ്ദുൽ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ്  ഖമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാർഥി നിർണയ സമയത്തും ഖമറുദ്ദീനെതിരെ ജില്ലയിലെ അണികൾക്കിടയിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നിരുന്നു.  ഖമറുദ്ദീനെ അനുകൂലിച്ചും എതിർത്തും നിലപാടെടുത്ത ഇരുവിഭാഗവുമായുള്ള സമവായ ചർച്ചക്ക്ശേഷമാണ് അന്തിമ തീരുമാനം  ഉണ്ടാകുക. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നീക്കം ചെയ്യണമോ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമോ ഖമറുദ്ദീനെ സംരക്ഷിക്കണമോ എന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ വൈകീട്ടോടെ തീരുമാനമുണ്ടാകും.

ഇന്നലെ മാത്രം ഇദ്ദേഹത്തിനെതിരെ 14 കേസുകളാണ് രജിസറ്റര് ചെയ്തത്. ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളില്‍ നിക്ഷേപം നടത്തിയവരാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനം പ്രതിസന്ധിക്കിടയായ സാഹചര്യം കമറുദ്ദീന്‍ ലീഗ് നേതൃത്വത്തോട് വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെ ഡയറക്ടര്‍മാര്‍ പോലും നിക്ഷേപം പിന്‍വലിച്ചതും വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന കാര്യവും അദ്ദേഹം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നാണ് അറിയുന്നത്.

ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് കമറുദ്ദീന്റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.