സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെച്ചേക്കും; തീരുമാനം നാളത്തെ സര്‍വകക്ഷി യോഗത്തില്‍

Posted on: September 10, 2020 12:54 pm | Last updated: September 10, 2020 at 3:59 pm

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇതിനോട് തുടക്കത്തില്‍ സര്‍ക്കാരിന് വിയോജിപ്പായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നാണ് പുതിയ നിലപാട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.

ജയിച്ചുവരുന്ന എംഎല്‍എക്ക് പ്രവര്‍ത്തിക്കാന്‍ നാല് മാസം മാത്രമേ ലഭിക്കു എന്നതിനാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം തള്ളേണ്ടതില്ലെന്ന തീരുമാനത്തിലാണ് നിലപാട് മാറ്റം.

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നാളെ ചേരുന്ന യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.