പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

Posted on: September 10, 2020 10:57 am | Last updated: September 10, 2020 at 12:55 pm

തിരുവനന്തപുരം | പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

തന്റെ നിയോജകമണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്കാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നിക്ഷേപ തുക നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പോലീസ് അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ ആശങ്കയുണ്ട്. നിക്ഷേപ തുക എത്രയും വേഗം ഇവര്‍ക്ക് തിരികെ ലഭിക്കാന്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമായത് കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.