കൊവിഡ് പ്രതിരോധ വാക്‌സിന്‍: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്

Posted on: September 9, 2020 11:49 pm | Last updated: September 10, 2020 at 7:30 am

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം അമേരിക്കയില്‍ നിര്‍ത്തിവച്ചിട്ടും ഇന്ത്യയില്‍ തുടരാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവച്ചതും വാക്‌സിന്‍ പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്തതും എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.

വാക്‌സിന്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയില്‍ പരീക്ഷണം നിര്‍ത്തിയിരുന്നു. അമേരിക്കയില്‍ മരുന്നു പരീക്ഷണം നിര്‍ത്തിയത് താത്ക്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമുള്ള നിലപാടാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിരിക്കുന്നത്. അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അമേരിക്കയില്‍ നിര്‍ത്തിവച്ചത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലായിരുന്നു പരീക്ഷണം നടന്നിരുന്നത്. വാക്‌സിന്‍ കുത്തിവെച്ച വളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിയത്. വാക്‌സിന്റെ പാര്‍ശ്വഫലമായാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് സംശയം.