Connect with us

Kerala

ആരോഗ്യ വകുപ്പിൽ കോടികളുടെ ക്രമക്കേടെന്ന് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്- 19 പ്രതിരോധത്തിന്റെ മറവില് ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി കോടികളുടെ ക്രമക്കേടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടന്നതെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ. ഇത്തരം ചെലവുകളെ സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശുവായി മാറിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മറ്റു സാധനസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപടാണ് ആരോഗ്യവകുപ്പിൽ നടന്നത്. ഇതുവരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്ര തുക ചെലവാക്കിയെന്ന വ്യക്തമായ കണക്ക് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കൊവിഡിന്റെ മറവിൽ സർക്കാർ നടത്തിയ ഇടപാടുകൾ സുതാര്യതയില്ലാത്തതാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ എത്ര തുക അനുവദിച്ചൂ, അത് എന്തിനെല്ലാം ചെലവാക്കി തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കണം. കെ എം എസ് സി എൽ വഴി സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വൻ തുകയാണ് ചെലവാക്കിയിരിക്കുന്നത്.

പി പി ഇ കിറ്റു വാങ്ങിയതുമായി ബന്ധപ്പെട്ട് ഭീമമായ തിരിമറി നടന്നെന്ന് സർക്കാർ രേഖകളിൽ തന്നെ വ്യക്തമാണ്. പി പി ഇ കിറ്റ് ഒന്നിന് 350 രൂപ വിലയുള്ളപ്പോൾ 1,550 രൂപ വരെ ചെലവാക്കിയാണ് സർക്കാർ വാങ്ങുന്നത്. ഈ ഇടപാടുകൾ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിർദേശ പ്രകാരമാണ് പി പി ഇ കിറ്റും മാസ്‌കും ഉയർന്ന വിലയ്ക്ക് വാങ്ങിയത്.

ഒരു സ്വകാര്യ കമ്പനിയിൽ നിന്നും 1550 രൂപയ്ക്ക് 50000 കിറ്റുകളാണ് സർക്കാർ വാങ്ങിയത്. ഇതിന്റെ ചെലവ് 7.75 കോടിയാണ്. കിറ്റ് ഒന്നിന് 350 രൂപ നിരക്കിൽ 1.75 കോടി രൂപയ്ക്ക് തീർക്കേണ്ട ഇടപടാണ് സർക്കാർ ഖജനാവിന് ആറ് കോടി രൂപയുടെ നഷ്ടം വരുത്തി.

തുടർന്ന് ഇതേ കമ്പനിയിൽ നിന്നും കൂടുതൽ പി പി ഇ കിറ്റുകളും എൻ95 മാസ്‌കുകളും വാങ്ങി. എൻ95 മാസ്‌ക് 160 രൂപ നിരക്കിലാണ് ഇതേ കമ്പനിയില് നിന്നും സർക്കാർ വാങ്ങിയത്. ഇത്ര ഉയർന്ന നിരക്കിൽ ലക്ഷക്കണക്കിന് മാസ്‌കുകൾ കോടികൾ ചെലവാക്കി സർക്കാർ വാങ്ങിക്കൂട്ടി.ഇന്ഫ്രാ റെഡ് തെർമോമീറ്ററിന് വിപണിയിൽ 1500 മുതൽ 2500 രൂപയ്ക്ക് വരെ ലഭ്യമാകുമ്പോൾ സർക്കാർ 6000 രൂപ നിരക്കിലാണ് വാങ്ങിയത്.

ഇത് അഴിമതിയുടെ ഒരറ്റം മാത്രമാണ്. ഇതുപോലെ കോടിക്കണക്കിന് രൂപയാണ് കൊവിഡിന്റെ മറവിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞു കൊണ്ട് ക്രമക്കേട് നടന്നത്. സ്വന്തം വകുപ്പിൽ നടക്കുന്ന ഇത്തരം ക്രമക്കേടുകളെ ആരോഗ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നതാണോ അതോ ഇതൊന്നും അറിയാതെ നടക്കുന്നതാണോയെന്ന് വ്യക്തമാക്കണം.

ആരോഗ്യ പ്രവർത്തകർക്കിടയിലെ കൊവിഡ് രോഗവ്യാപനത്തിന് കാരണം വാങ്ങിക്കൂട്ടിയ പി പി ഇ കിറ്റുകളുടെ ഗുണനിലവാരക്കുറവാണ്. ഇത് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ പട്ടികയിൽ ആരോഗ്യപ്രവര്ത്തകരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഈ വിഷയത്തിലെ ഐ എം എയുടെ ആശങ്ക പരിഹരിക്കാനോ ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം തടയുന്നതിനോ സർക്കാർ ഒന്നും ചെയ്യുന്നില്ല. സർക്കാറിന്റെ കൊവിഡ് പ്രതിരോധം പൂർണമായും പാളി. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 50000 ആക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ 20000 ടെസ്റ്റുകൾ മാത്രമാണ് പ്രതിദിനം നടക്കുന്നത്.

108 ആംബുലൻസ് സർവീസ് കരാറിലും വ്യാപകമായ ക്രമക്കേടുണ്ട്. കരാറു നൽകിയപ്പോഴുള്ള പ്രധാന വ്യവസ്ഥകളൊന്നും കമ്പനി പാലിക്കുന്നില്ല. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ലൈഫ് സേവിങ് എക്യുപ്‌മെന്സ്, മരുന്നു ഉൾപ്പെടെ ആംബുലൻസിൽ ലഭ്യമാക്കുമെന്ന ഉറപ്പിൻമേലാണ് കിലോമീറ്ററിന് 224 രൂപ നിരക്കിൽ 315 ആംബുലൻസിന് കരാർ നൽകിയിരുന്നത്. എന്നാൽ കരാർ എടുത്ത കമ്പനി ഇത്തരം വ്യവസ്ഥകൻ പാലിക്കുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ള നിരവിധിപ്പേർക്ക് ഈ മേഖലയിൽ പിൻവാതില് നിയമനം നൽകി. ഇത്തരക്കാരെ ഒഴിവാക്കിയിരുന്നെങ്കിൽ ആറന്മുളയിൽ കൊവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവം ഉണ്ടാകുമായിരുന്നില്ല. സ്വകാര്യ ആംബുലൻസുകൾ കിലോ മിറ്ററിന് 20 രൂപ നിരക്കിൽ ഓടുമ്പോഴാണ് ഇത്ര ഉയർന്ന നിരക്ക് നൽകിയിട്ടും ഒരു സുരക്ഷിതത്വവും 108 ആംബുലന്സിലില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Latest