വായില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ ചരിഞ്ഞു

Posted on: September 9, 2020 8:52 am | Last updated: September 9, 2020 at 11:05 am

പാലക്കാട് | അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ബുള്‍ഡോസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആനക്ക് ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മരുന്ന് നല്‍കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ ആന നാല് ദിവസം മുന്‍പാണ് അട്ടപ്പാടി വനമേഖലയില്‍ എത്തിയത്.

പരിക്കേറ്റ മൂന്ന് ആഴ്ചയിലേറെ കഴിഞ്ഞ ആനക്ക് തീറ്റ എടുക്കാനാവാതെ അവശ നിലയിലായിരുന്നു. സ്‌ഫോടക വസ്തു കടിച്ചതിനെത്തുടര്‍ന്നാണ് ആനയുടെ വായില്‍ മുറിവേറ്റത്. ഒരു മാസം മുമ്പ് ഈ ആന നിരവധി വീടുകള്‍ തകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആനക്ക് ബുള്‍ഡോസര്‍ എന്ന പേര് വീണത്.

ഷോളയൂറിന് സമീപം മരപ്പാലത്താണ് ആന കിടക്കുന്നത്. മൃഗ ഡോക്ടര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം സംസ്‌കരിക്കും.