Connect with us

Articles

അവരിപ്പോള്‍ കേരളത്തെ മോഹിക്കുന്നതെന്തുകൊണ്ടാകാം?

Published

|

Last Updated

തമ്മില്‍ത്തല്ലായും തള്ളിപ്പറച്ചിലായും കേരള കോണ്‍ഗ്രസ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ നിനവില്‍ വരുന്നൊരു അതികായനുണ്ട്; പുള്ളോലില്‍ തോമസ് ചാക്കോ എന്ന പി ടി ചാക്കോ. മികച്ച പാര്‍ലിമെന്റേറിയന്‍, പേരെടുത്ത അഭിഭാഷകന്‍. ഒന്നാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കുന്തമുന ആയിരുന്നു പി ടി ചാക്കോ. പില്‍ക്കാലത്ത് കോണ്‍ഗ്രസിനകത്തുനിന്ന് തന്നെയുള്ള അമ്പേറ്റാണ് അദ്ദേഹം പിടഞ്ഞത്, രാഷ്ട്രീയം മതിയാക്കി അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുന്നത്. അത്രക്ക് അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു; അതും സഹപ്രവര്‍ത്തകരില്‍ നിന്ന്. ആ മനോവേദനയിലാണ് പി ടി ചാക്കോ ഹൃദയം പൊട്ടി മരിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികളില്‍ അതുണ്ടാക്കിയ സ്‌തോഭത്തില്‍ നിന്നാണ് 1964 ഒക്ടോബര്‍ ഒമ്പതിന് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി ഉദയം ചെയ്യുന്നത്.

പ്രഥമ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടുന്ന മീനച്ചില്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചു ജയിച്ചത് പി ടി ചാക്കോ ആയിരുന്നു. പക്ഷേ, ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം പാര്‍ലിമെന്റ് അംഗത്വം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി. എന്തായിരുന്നു ആ പിന്മടക്കത്തിന്റെ കാരണം? ചാക്കോ തന്റെ സുഹൃത്തിനെഴുതിയ കത്തില്‍ അതിന്റെ ഉത്തരമുണ്ട്. “പാര്‍ലിമെന്റ് അംഗമായ ശേഷം എന്റെ തൊഴില്‍ നഷ്ടപ്പെട്ടത് നിമിത്തം ഞാന്‍ സാമ്പത്തികമായി ഏറ്റവും വലിയ ബുദ്ധിമുട്ടിലായിത്തീര്‍ന്നിരിക്കുകയാണ്. എന്റെ നിത്യച്ചെലവുകള്‍ പോലും നടത്താന്‍ ഞാന്‍ നന്നേ വിഷമിക്കുന്നു. തിരഞ്ഞെടുപ്പ് ചെലവുകള്‍ മൂലം കുറെ കടബാധ്യതയും വന്നുചേര്‍ന്നിട്ടുണ്ട്.” സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എം പി സ്ഥാനം രാജിവെച്ച ഒരു നേതാവ് ഇക്കേരളത്തിലുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറ കേരള കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കാന്‍ പ്രയാസമാണ്! കേരളത്തിലേക്ക് തിരിച്ചുവന്നാല്‍ പൊതുപ്രവര്‍ത്തനത്തിനൊപ്പം അഭിഭാഷകവൃത്തി കൂടി നടത്താം, ജീവിതച്ചെലവിന് അങ്ങനെ പണം കണ്ടെത്താം എന്നായിരുന്നു ചാക്കോയുടെ മനോഗതം.

പി ടി ചാക്കോയുടെ ഓര്‍മകളെ ഇപ്പോള്‍ പുനരാനയിക്കുന്നത് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ പേരില്‍ മാത്രമല്ല, പാര്‍ലിമെന്റംഗത്വം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് അര ഡസനിലധികം എം പി മാര്‍ മടങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്തയുടെ കൂടി പശ്ചാത്തലത്തിലാണ്. ഇപ്പോഴുള്ളവരുടെ പിന്‍മടക്കം സാമ്പത്തിക പ്രതിസന്ധി കൊണ്ടോ നാട്ടില്‍ വന്ന് പണിയെടുത്ത് ജീവിക്കാമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടോ അല്ല. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനാണ് പലരും ഇപ്പോഴത്തെ വേഷം അഴിച്ചുവെക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് “തിരിച്ചെത്തുന്നവരില്‍” പ്രമുഖന്‍. വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ ഏല്‍പ്പിച്ചുകൊണ്ട് ലീഗ് ഉന്നതാധികാര സമിതി കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. 2003 മെയ് മാസത്തില്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തിനു ശേഷം മുസ്‌ലിം ലീഗ് രാഷ്ട്രീയം ഏറെക്കുറെയും കുഞ്ഞാലിക്കുട്ടി എന്ന തന്ത്രശാലിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ലീഗ് അണികള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം തന്നെയാണ് പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ നേടിക്കൊടുത്തതും. അടിത്തട്ടിലുള്ള പ്രവര്‍ത്തകരെപ്പോലും പേര് വിളിച്ച് കുശലം പറയാനാകും വിധം പ്രവര്‍ത്തകരോട് ചേര്‍ന്നുനില്‍ക്കുന്ന നേതാവാണദ്ദേഹം. സ്വയംകൃതാനര്‍ഥങ്ങളാല്‍ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിട്ട കഠിന പരീക്ഷകളെ അതിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതും ഈ ജനപിന്തുണ കൊണ്ടാണ്. ലീഗിലെത്തന്നെ മറ്റൊരു നേതാവായിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നോ എന്ന കാര്യം സംശയമാണ്. അധികാരം ഉപയോഗിക്കേണ്ടിടത്ത് അധികാരം, ആള്‍ക്കൂട്ടത്തെ അവതരിപ്പിക്കേണ്ടിടത്ത് ആള്‍ക്കൂട്ടം, സൗഹൃദം ഇറക്കിക്കളിക്കേണ്ട സമയത്ത് അങ്ങനെ (കുഞ്ഞാലിക്കുട്ടിക്ക് പിണറായി വിജയനോടുള്ള ആത്മബന്ധം നാട്ടില്‍ പാട്ടാണല്ലോ. പിണറായിയുമായി സഭയില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് വണ്ടി കയറിയത് എന്നും ശ്രുതിയുണ്ട്) കുഞ്ഞാലിക്കുട്ടി ഓരോ സന്ദര്‍ഭത്തിലും നടത്തിയ കരുനീക്കങ്ങളാണ് ലീഗിലെ “യൗവനമായി” അദ്ദേഹത്തെ നിലനിര്‍ത്തുന്ന ഘടകം.

ബനാത്ത്‌വാലക്ക് ശേഷം പാര്‍ട്ടിയുടെ ദേശീയ മുഖമായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെത്തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ മോഹവുമായി മത്സരിക്കാനിറങ്ങിയത്. ഇടതുപക്ഷം പലപ്പോഴുമെന്ന പോലെ അക്കുറിയും മത്സരം കാര്യമായെടുത്തില്ല എന്ന്, എം ബി ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മനസ്സിലായി. 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി അങ്കം ജയിച്ചത്. 2019ല്‍ വി പി സാനു എന്ന എസ് എഫ് ഐ നേതാവിനെയാണ് സി പി എം കളത്തിലിറക്കിയത്. അത്തവണ പി കെയുടെ ഭൂരിപക്ഷം 2,60,153. ലോക്‌സഭയില്‍ അദ്ദേഹം അഭിമുഖീകരിച്ച മുഖ്യ പ്രശ്നം ഭാഷയായിരുന്നു. തപ്പിത്തടഞ്ഞുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ അരോചകമായിരുന്നു എന്നുതന്നെ പറയാം. ഇത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം പ്രശ്‌നമല്ല, കേരളത്തില്‍ നിന്നുള്ള എം പിമാരില്‍ പലരും ഇതേ നിലയിലുള്ളവരാണ്. ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിങ്ങനെ വിരലില്‍ എണ്ണാകുന്നവരേയുള്ളൂ സഭയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. ഇംഗ്ലീഷില്‍, അല്ലെങ്കില്‍ ഹിന്ദിയില്‍ ഒഴുക്കോടെ സംസാരിക്കാനറിയില്ലെങ്കില്‍ പാര്‍ലിമെന്റില്‍ തിളങ്ങാനാകില്ല.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ വൈകിയെത്തിയതും മുത്വലാഖ് ബില്‍ വോട്ടിനിട്ട സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും ലീഗണികളില്‍ പോലും കുഞ്ഞാലിക്കുട്ടിക്കെതിരെ മുറുമുറുപ്പിന് കാരണമായി. പാര്‍ലിമെന്റിനു പുറത്ത് ദേശീയ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സംഭാവന ഒന്നുമുണ്ടായില്ല എന്നുതന്നെ പറയാം. മുസ്‌ലിം ലീഗിന്റെ തന്നെ നേതൃത്വത്തില്‍ നടന്ന ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുകയും പ്രതിപക്ഷ കക്ഷി നേതാക്കളിലൊരാളായി ചില ഗ്രൂപ്പ് ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തത് മാത്രമാണ് അദ്ദേഹത്തിന്റെ ദേശീയ സംഭാവനകള്‍. “സെന്റര്‍ ഫോര്‍വേഡ്” കളിക്കാന്‍ പോയ ആള്‍ പവലിയനില്‍ ചടച്ചിരിക്കേണ്ടി വരുന്ന ദുരവസ്ഥ. അത് ആദ്യം തിരിച്ചറിഞ്ഞത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, ഡല്‍ഹിയില്‍ സഭാ സമ്മേളനത്തിനും ചില മീറ്റിംഗുകള്‍ക്കും പോയിവരുന്നതൊഴിച്ചാല്‍ മിക്ക സമയവും അദ്ദേഹം കേരളത്തില്‍ തന്നെയുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നു എന്നതിനര്‍ഥം അദ്ദേഹം എന്നത്തേയും പോലെ കേരളത്തില്‍ത്തന്നെ തുടര്‍ന്നുമുണ്ടാകും എന്ന് മാത്രമാണ്. ലോക്‌സഭാ അംഗത്വം രാജിവെക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് വെറും വാക്കായി മാത്രമേ കാണേണ്ടതുള്ളൂ. 2021ല്‍ യു ഡി എഫിന് സംസ്ഥാനത്ത് അധികാരം കിട്ടിയെന്നിരിക്കട്ടെ, കുഞ്ഞാലിക്കുട്ടി ഇല്ലാത്ത മന്ത്രിസഭയാകും അതെന്ന് വിശ്വസിക്കണോ നമ്മള്‍?

2019ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് മലയാളികളെങ്കിലും ആഗ്രഹിച്ചിരുന്നു. രാഹുല്‍ ഗാന്ധിയാകും ആ സര്‍ക്കാറിനെ നയിക്കുകയെന്നും കരുതിയിരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായി വയനാടിനെ കേരളം മനസ്സാവരിച്ചിരുന്നു. യു ഡി എഫിന്റെ അതിഗംഭീരമായ വിജയത്തിന്റെ അടിപ്പടവായതും ഈയൊരു വിശ്വാസമാണ്. കേരളം ആഗ്രഹിച്ചതല്ല മറ്റു സംസ്ഥാനങ്ങള്‍ വിധിച്ചത്. മോദി സര്‍ക്കാറിന് രണ്ടാമൂഴമായിരുന്നു അവരുടെ തിരഞ്ഞെടുപ്പ്. ഇനി മറുത്തൊന്നാലോചിക്കുക. കോണ്‍ഗ്രസ് മുന്നണി അധികാരം പിടിക്കുന്നു, രാഹുല്‍ പ്രധാനമന്ത്രിയാകുന്നു. കേരളത്തില്‍ നിന്ന് എട്ടോ പത്തോ പേര്‍ ഉണ്ടാകുമായിരുന്നു മന്ത്രിസഭയില്‍. വയനാട്ടിലെ സഹായത്തിനുള്ള സമ്മാനമായി കുഞ്ഞാലിക്കുട്ടിക്ക് ക്യാബിനറ്റ് പദവി ലഭിച്ചാല്‍ പോലും അതിശയമുണ്ടാകില്ല! യു ഡി എഫ്. എം പിമാരില്‍ പലര്‍ക്കും സഹമന്ത്രി സ്ഥാനമെങ്കിലും ലഭിച്ചേനെ. മോദിയുടെ തിരിച്ചു വരവോടെ കൂമ്പടഞ്ഞുപോയ പ്രതീക്ഷകള്‍, നിറം മങ്ങിപ്പോയ സ്വപ്നങ്ങള്‍, പിന്നിപ്പോയ കുപ്പായങ്ങള്‍… അതിന്റെ പുളിച്ചുതികട്ടലാണ് പലരുമിപ്പോള്‍ പ്രകടിപ്പിക്കുന്നത്. യു ഡി എഫ് മന്ത്രിസഭയില്‍ കയറിക്കൂടാന്‍ കഴിയുന്ന (ജാതി, ഗ്രൂപ്പ്, സമുദായ സമവാക്യങ്ങള്‍ അനുകൂലമായ) പലരും ഇപ്പോള്‍ എം പിമാരാണ്. അവരില്‍ ചിലരെങ്കിലും സംസ്ഥാനത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെന്ന പോലെ കോണ്‍ഗ്രസില്‍ ക്ഷിപ്രസാധ്യമല്ല പാര്‍ട്ടി എം പിമാരുടെ രാജിനീക്കം. പ്രധാന കടമ്പ കേന്ദ്ര നേതൃത്വത്തിന്റെ സമ്മതമാണ്. രാജിവെച്ചൊഴിയുന്ന സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ജയിച്ചുകയറുക പലയിടത്തും എളുപ്പമല്ല. പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെ മുരളീധരനും അടൂര്‍ പ്രകാശും രാജിവെച്ച നിയമസഭാ മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട അനുഭവം മുന്നിലുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എം പിമാര്‍ രാജിവെക്കുകയും അവിടെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്താല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം വീണ്ടും ശോഷിക്കും. സ്വതേ ദുര്‍ബലാവസ്ഥയിലായ പാര്‍ട്ടിക്ക് ആ ക്ഷീണം കൂടി താങ്ങാന്‍ കെൽപ്പുണ്ടാകില്ല. 2019ലേത് പോലെ അധികാരാരോഹണത്തിന്റെയും രാഹുല്‍വാഴ്ചയുടെയും സാധ്യതകള്‍ മുന്നില്‍വെച്ച് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമാകില്ല!

കോടികള്‍ പൊടിക്കേണ്ടി വരുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കുന്നതിനോട് പാര്‍ട്ടിക്കാര്‍ പോലും യോജിക്കാനിടയില്ല എന്നതും കേന്ദ്ര നേതൃത്വം പരിഗണിക്കാതിരിക്കില്ല. മഹാമാരിയുടെ കാലത്ത് ജനം മുണ്ടുമുറുക്കിയുടുത്താണ് ജീവിക്കുന്നത്. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഭീകരമായ നിലയിലാണ്. സാമ്പത്തികത്തകര്‍ച്ച നെല്ലിപ്പടിക്കും താഴേയാണ്. ഇനിയെങ്ങോട്ടും കൂപ്പുകുത്താന്‍ ഇല്ലാത്തവിധം ജി ഡി പി വീണുകിടപ്പാണ്. ഈ സമയത്ത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏത് അധികച്ചെലവും ജനരോഷം ക്ഷണിച്ചുവരുത്തും. എത്ര വിശദീകരിച്ചാലും ജനത്തിന് അത് സ്വീകാര്യമാകില്ല! ഈ കാര്യങ്ങളെല്ലാം പരിഗണിക്കാന്‍ എം പിമാര്‍ക്കും ബാധ്യതയുണ്ട്. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, അധികാരത്തില്‍ പങ്കുപറ്റാനുള്ള ആര്‍ത്തി കൊണ്ടാണ് ഈ പിന്മടക്കം എന്ന ആരോപണം ഇടതുപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്. നിയമസഭയിലേക്കുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഈയൊരൊറ്റ പ്രചാരണം മാത്രം മതിയാകും. അടൂര്‍ പ്രകാശോ കെ മുരളീധരനോ ഹൈബി ഈഡനോ അടുത്ത നിയമസഭയില്‍ ഉണ്ടാകില്ല എന്നതുകൊണ്ട് കോണ്‍ഗ്രസിനോ യു ഡി എഫിനോ ഒരു ക്ഷീണവും സംഭവിക്കില്ല. അവര്‍ ഇവിടെത്തന്നെ ഉണ്ടായതുകൊണ്ട് മലയാളികള്‍ക്ക് സവിശേഷമായ എന്തെങ്കിലും ഗുണം ലഭിക്കുകയുമില്ല! തങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ പ്രളയം എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടാകുന്ന ചിലരുടെ തോന്നലുകള്‍ക്ക് ജനം പിഴയൊടുക്കേണ്ടി വരുന്നത് എന്തായാലും ക്ഷന്തവ്യമല്ല.

മുഹമ്മദലി കിനാലൂര്‍