Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികൾ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

പത്തനംതിട്ട | 2000 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍(റോയി), ഭാര്യ പ്രഭാ ഡാനിയേല്‍, മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ്, റേബ തോമസ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിന് കോന്നി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫൈനാന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപകരുടെ അറിവോ, സമ്മതമോ ഇല്ലാതെയും വസ്തുതകള്‍ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകരെ ചതിച്ചും വഞ്ചിച്ചും മറ്റ് കടലാസ് കമ്പനികളിലേക്ക് വകമാറ്റി 2000 കോടിയില്‍ അധികം രൂപ കബളിപ്പിച്ച് വിദേശ നിക്ഷപങ്ങള്‍ നടത്തിയിട്ടുള്ളതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമായി 250 ശാഖകളിലായുള്ള നിക്ഷേപകരെയാണ് ഇവര്‍ ചതിച്ചത്.

തട്ടിയെടുത്ത പണം തങ്ങള്‍ വിദേശത്ത് നിക്ഷേപിച്ചുവെന്നാണ് ഇവരുടെ മൊഴി. സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപത്തിന് കൊടുക്കാന്‍ കഴിയാതിരുന്നതാണ് എന്നാണ്. .ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക  തിരിമറി, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2014ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്.

 

Latest