Connect with us

Kerala

വെള്ളറട: ആരോഗ്യ പ്രവര്‍ത്തകന്‍ യുവതിയെ രാത്രി മുഴുവന്‍ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് എഫ് ഐ ആര്‍

Published

|

Last Updated

പ്രതി പ്രദീപ് കുമാര്‍

തിരുവനന്തപുരം | ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം നടത്തിയ കൊവിഡ് പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചത് അതിക്രൂരമായി എന്ന് എഫ് ഐ ആര്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് കുമാര്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമെ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തന്റെ വീട്ടിലെത്തണമെന്ന് പറഞ്ഞതിനുസരിച്ചാണ് സെപ്തംബര്‍ മൂന്നാം തീയതി ഉച്ചക്ക് ശേഷം യുവതി പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്. അകത്തുകടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശനിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസ് പാങ്ങോട് പോലീസിന് പരാതി കൈമാറി. ഇതിനുപിന്നാലെയാണ് പ്രതിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കസ്റ്റഡിയിലെടുത്തത്.

യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.

യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞു. തുടര്‍ന്ന് കടയ്ക്കലിലെ ആരോഗ്യകേന്ദ്രത്തില്‍ കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ജോലിയുടെ ആവശ്യത്തിന് കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകനെ ബന്ധപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് തന്റെ വീട്ടില്‍ വന്ന് വാങ്ങിക്കൊള്ളാന്‍ ആരോഗ്യപ്രവര്‍ത്തകന്‍ യുവതിയോട് പറഞ്ഞു. പാങ്ങോടാണ് ആരോഗ്യപ്രവര്‍ത്തകന്റെ വീട്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടിലെത്തി. ആ സമയം വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകനല്ലാതെ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest